കോപ്പ അമേരിക്ക കപ്പ് എടുത്താലും ഇല്ലെങ്കിലും ടിറ്റെ തന്നെ കോച്ച്; നിലപാട് വ്യക്തമാക്കി ബ്രസീല്‍
Brazil coach
കോപ്പ അമേരിക്ക കപ്പ് എടുത്താലും ഇല്ലെങ്കിലും ടിറ്റെ തന്നെ കോച്ച്; നിലപാട് വ്യക്തമാക്കി ബ്രസീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 6:41 pm

പെറുവിനെതിരെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ വിജയിച്ചാലും ഇല്ലെങ്കിലും ടിറ്റെ തന്നെ ടീമിന്റെ പരീശീലകനെന്ന് വ്യക്തമാക്കി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ഫൈനല്‍ മത്സരം ബ്രസീലിന് അനുകൂലമായി വന്നില്ലെങ്കില്‍ പരിശീല സ്ഥാനത്ത് നിന്ന് പിന്മാറാന്‍ താന്‍ തയ്യാറാണെന്ന് ടിറ്റെ കോണ്‍ഫെഡറേഷനോട് പറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്.

ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രകടനത്തില്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സംതൃപ്തരാണെന്നും അവര്‍ തന്നെ ഇനിയും തുടരും എന്നാണ് കോണ്‍ഫെഡറേഷന്റെ പ്രതികരണം.

ടിറ്റെയുടെ പരിശീലക സംഘത്തില്‍ ഉണ്ടായിരുന്ന മുന്‍ ബാഴ്‌സലോണ ഫുള്‍ബാക്ക് സില്‍വീഞ്ഞോ ഫ്രഞ്ച് ലീഗ് ക്ലബ്ബായ ലിയോണിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാറിയിരുന്നു. ആഴ്‌സനലിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാവുന്നതിന് വേണ്ടി ബ്രസീല്‍ ടീം കോര്‍ഡിനേറ്റര്‍ എഡു ഗാസ്പറും പരിശീലക സംഘത്തില്‍ നിന്ന് പിന്മാറിയിരുന്നു.

2016ലാണ് ടിറ്റെ ബ്രസീല്‍ ടീമിന്റെ പരിശീലകനായെത്തിയത്. പെറുവുമായി വിജയിച്ച് കോപ്പ അമേരിക്ക കപ്പെടുത്താല്‍ ബ്രസീലിനും പരിശീലകനെന്ന നിലയില്‍ ടിറ്റെക്കും ലഭിക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.