ബ്രസീലിന് കനത്ത തിരിച്ചടി, കാനറികളുടെ ഗോളടിവീരൻ പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കില്ല
Football
ബ്രസീലിന് കനത്ത തിരിച്ചടി, കാനറികളുടെ ഗോളടിവീരൻ പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 9:38 am

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ബ്രസീലിന് സമനില. കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റുകള്‍ പങ്കുവെച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനും കാനറി പടയ്ക്ക് സാധിച്ചു.

എന്നാല്‍ മത്സരത്തില്‍ ഒരു കനത്ത തിരിച്ചടിയാണ് ബ്രസീല്‍ നേരിട്ടത്. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് സ്റ്റാര്‍ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ടൂര്‍ണമെന്റിലെ തന്റെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു. ഇതോടെ ജൂലൈ ഏഴിന് ഉറുഗ്വായ്‌ക്കെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വിനീഷ്യസിന് കളിക്കാന്‍ സാധിക്കില്ല.

ഇതിനോടകം തന്നെ ഈ ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് റയല്‍ സൂപ്പര്‍താരം കളിച്ചത്. പരാഗ്വായ്ക്കെതിരെയുള്ള ബ്രസീല്‍ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ടായിരുന്നു വിനീഷ്യസ് കളം നിറഞ്ഞു കളിച്ചത്. അതുകൊണ്ടുതന്നെ വിനീഷ്യസിന്റെ അഭാവം ക്വാര്‍ട്ടര്‍ ഫൈനലില്‍ വലിയ തിരിച്ചടിയായിരിക്കും കാനറി പടയ്ക്കു നല്‍കുക.

അതേസമയം മത്സരത്തില്‍ 12ാം മിനിട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് താരം ഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനിയല്‍ മുനോസിലൂടെ കൊളംബിയ സമനില ഗോള്‍ നേടുകയായിരുന്നു.

സമനിലയോടെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെ ചാമ്പ്യന്മാരായി കൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറാനും കൊളംബിയക്ക് സാധിച്ചു. ജൂലൈ ഏഴിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പനാമയാണ് കൊളംബിയയുടെ എതിരാളികള്‍.

 

Content Highlight: Brazil have a Big Setback in Copa America