| Thursday, 28th July 2022, 9:55 am

കോപ്പ അമേരിക്ക; ബ്രസീല്‍ വീണ്ടും ഫൈനലില്‍, എതിരാളികള്‍ കൊളംബിയ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതകളുടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ പരഗ്വായെ തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.

ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെയായിരുന്നു മത്സരത്തിലെ രണ്ട് ഗോളും പിറന്നത്.

മത്സരത്തിന്റെ 16ാം മിനിട്ടില്‍ ആരി ബോര്‍ഗസിലൂടെയായിരുന്നു പരാഗ്വന്‍ വല ആദ്യം കുലുങ്ങിയത്. ബോര്‍ഗസിന്റെ ഇടംകാലന്‍ ഷോട്ട് പരാഗ്വായ് ഗോള്‍കീപ്പര്‍ ക്രിസ്റ്റീനയെ മറികടന്ന് വലയില്‍ വിശ്രമിച്ചു.

കൃത്യം 12 മിനിട്ടിന് ശേഷം ബ്രസീല്‍ ഒരിക്കല്‍ക്കൂടി പരാഗ്വായ്‌യെ ഞെട്ടിച്ചു. ഇത്തവണ ബിയാട്രിസ് സെനരേറ്റോ യോവോയിരൂടെയായിരുന്നു ബ്രസീല്‍ ലീഡ് നേടിയത്.

69 ശതമാനം ബോള്‍ പൊസെഷനും നേടിക്കൊണ്ടായിരുന്നു ബ്രസീല്‍ മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയത്. ബ്രസീല്‍ ഗോള്‍ ലക്ഷ്യം വെച്ചുകൊണ്ട് 23 ഷോട്ടടിച്ചപ്പോള്‍ ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട് എട്ടെണ്ണമായിരുന്നു. പരഗ്വായ്‌യുടേത് ഇത് യഥാക്രമം അമ്പതും മൂന്നുമാണ്.

ഗോള്‍ നേടാന്‍ പരാഗ്വായ്ക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും ഒന്നുപോലും മുതലാക്കാനാവാത്തതായിരുന്നു പരാജയത്തിന് കാരണം.

ഫൈനലില്‍ കൊളംബിയയെ ആണ് ബ്രസീലിന് നേരിടേണ്ടത്. അര്‍ജന്റീനയെ തോല്‍പ്പിച്ചായിരുന്നു കൊളംബിയ ഫൈനലില്‍ എത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം.

ഇതുവരെ നടന്ന എട്ട് കോപ്പ അമേരിക്കയില്‍ ഏഴിലും കിരീടമുയര്‍ത്തിയത് ബ്രസീല്‍ തന്നെയാണ്. ഈ സ്റ്റാറ്റ്‌സ് ബ്രസീലിന് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല.

അതേസമയം, വനിതാ വിഭാഗത്തിന്റെ യൂറോ കപ്പും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് സ്വീഡനെ തകര്‍ത്ത് കരുത്തരായ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. ഇതുവരെ നടന്ന ഒരു മത്സരത്തിലും തോല്‍ക്കാതെയായിരുന്നു ഇംഗ്ലണ്ട് ഫൈനല്‍ വരെ എത്തിയിരിക്കുന്നത്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കരുത്തരായ ഫ്രാന്‍സും ജര്‍മനിയും തമ്മിലാണ് പോരാട്ടം. തുടര്‍ന്ന് ശനിയാഴ്ചയായിരിക്കും വെംബ്ലിയില്‍ വനിതാ യൂറോകപ്പിന്റെ കലാശപ്പോരാട്ടം നടക്കുക.

Content Highlight: Brazil has entered the final of the Women’s Copa America.

Latest Stories

We use cookies to give you the best possible experience. Learn more