ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ വിജയവും ഒപ്പം നോക്ക് ഔട്ട് ബര്‍ത്തും ഉറപ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാനറികളുടെ വിജയം.
മത്സരത്തിന്റെ 83ാം മിനിട്ടിലായിരുന്നു ബ്രസീലിന്റെ ഗോള്‍ നേട്ടം. സൂപ്പര്‍ താരം കാസെമിറോയായിരുന്നു ബ്രസീലിനായി ഗോള്‍ നേടിയത്. കാസിയുടെ ബുള്ളറ്റ് ഷോട്ട് ഗോള്‍ വലയിലേക്ക് തുളഞ്ഞു കയറുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു സ്വിസ് ഗോള്‍ കീപ്പര്‍ക്ക് സാധിച്ചത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ സ്റ്റേഡിയമൊന്നാകെ ആവേശത്തിലായിരുന്നു. ടീമിന്റെ വിജയ ഗോള്‍ ആഘോഷിക്കാനായി ബ്രസീല്‍ സ്‌ക്വാഡ് ഒന്നടങ്കം തന്നെ കാസിയുടെ ചുറ്റം കൂടുകയും ചെയ്തിരുന്നു. ഗ്രൗണ്ടിലെ താരങ്ങളും ബെഞ്ചിലുള്ളവരുമെല്ലാം തന്നെ കാസെമിറോയെ പൊതിഞ്ഞിരുന്നു.
ഈ ആഘോഷത്തില്‍ പങ്കുചേരാനെത്തിയ സൂപ്പര്‍ താരം ഡാനിലോയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ താരം രണ്ടാം മത്സരം കളിച്ചിരുന്നില്ല.
പരിക്കാണെങ്കിലും ടീമിന്റെ വിജയ ഗോള്‍ ആഘോഷിക്കുമ്പോള്‍ ഡാനിലോയും ഒപ്പം വേണമെന്നുറപ്പിച്ച ബ്രസീലിന്റെ മൂന്നാം ഗോള്‍ കീപ്പര്‍ വേവര്‍ട്ടണ്‍ ഡാനിലോയെ തോളിലേറ്റിക്കൊണ്ടായിരുന്നു ഗോള്‍നേട്ടം ആഘോഷിക്കാനെത്തിയത്.
വേവര്‍ട്ടണിന്റെ തോളിലിരുന്നുകൊണ്ട് ആര്‍പ്പുവിളിച്ചെത്തിയ ഡാനിലോയും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയായി മാറി.
Weverton carried Danilo (has a sprained ankle) so he could celebrate with the team 😂 pic.twitter.com/jfdagSupKl
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഗോളടിക്കുകയും ഒരു റൗണ്ട് ഗോള്‍ നേട്ടം ആഘോഷിക്കുകയും ചെയ്തതിന് ശേഷമാണ് റഫറി അത് ഗോളല്ലെന്ന് വിധിച്ചത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും ബ്രസീലിനെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ ഏറ്റവുമധികം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് കാനറികളെ തേടിയെത്തിയത്.
തുടര്‍ച്ചയായ 17ാം മത്സരത്തിലാണ് ബ്രസീല്‍ പരാജയമറിയാതെ കുതിക്കുന്നത്. സ്വിറ്റ്സര്‍ലാന്‍ഡിനെ തോല്‍പിച്ചതിന് പിന്നാലെ 14 ജയവും മൂന്ന് സമനിലയുമാണ് ബ്രസീലിന്റെ അണ് ബീറ്റണ്‍ സ്ട്രീക്കിലുള്ളത്.
കഴിഞ്ഞ ആറ് ലോകകപ്പുകളില്‍ നിന്നുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ ബ്രസീല്‍ കുതിക്കുന്നത്. 1998 ലോകകപ്പില്‍ നോര്‍വേയോട് ഗ്രൂപ്പ് ഘട്ടത്തില്‍ 2-1ന് തോറ്റതിന് ശേഷം ബ്രസീല്‍ ഇതുവരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തോറ്റിട്ടില്ല.