| Thursday, 30th March 2023, 6:58 pm

മൂന്ന് മാസത്തിന് ശേഷം ബോള്‍സൊനാരോ ബ്രസീലിലെത്തി; തിരിച്ചടിയായി പുതിയ അഴിമതിക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: അഴിമതിയാരോപണത്തെ തുടര്‍ന്ന് അമേരക്കിയിലേക്ക് കടന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ നാട്ടില്‍ തിരിച്ചെത്തി. മൂന്ന് മാസത്തോളം ഫ്‌ളോറിഡയില്‍ കഴിഞ്ഞതിന് ശേഷമാണ് ബോള്‍സൊനാരോ നാട്ടിലെത്തുന്നത്. അതിനിടെ സൗദിയില്‍ നിന്ന് അനധികൃതമായി മൂന്നാമതൊരു പാക്കേജ് സമ്മാനങ്ങള്‍ കൂടെ ബോള്‍സൊനാരോ സ്വീകരിച്ചതായുള്ള വാര്‍ത്തകളും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ് ഗോള്‍ഡും, വജ്രം പതിപ്പിച്ച വാച്ചും, വിലകൂടിയ പേനകളും, മോതിരവും അടങ്ങുന്ന പുതിയ പാക്കേജാണ് ബോള്‍സൊനാരോയ്ക്ക് ലഭിച്ചെന്നും ബ്രസീലിയന്‍ മാധ്യമമായ എസ്റ്റാഡോ ദി സാവോ പോളോയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെത്തിച്ച മൂന്നാമത്തെ പാക്കേജ് മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നെല്‍സണ്‍ പിക്വെറ്റിന്റെ വീട്ടിലാണ് ബോള്‍സൊനാരോ ഒളിപ്പിച്ചതെന്നും ആരോപണമുയരുന്നുണ്ട്. സംഭവത്തില്‍ ബ്രസീലിലെ ഫെഡറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് കോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യത്തേക്ക് കടത്തിയ സമ്മാനത്തിന്റെ രണ്ടാമത്തെ പാക്കേജ് ബോള്‍സൊനാരോ സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. അടുത്ത വര്‍ഷം ബ്രസീലിലേക്കുള്ള ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ സജീവമാകാമെന്ന ബോള്‍സൊനാരോയുടെ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഇപ്പോഴുള്ള മാധ്യമ വെളിപ്പെടുത്തല്‍.

തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയുടെ പേരില്‍ അഞ്ച് ക്രിമിനല്‍ കേസുകളാണ് ബ്രസീലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധികാരത്തിലിരുന്ന സമയത്ത് നടത്തിയ അഴിമതിയുടെ പേരില്‍ നാല് കേസുകളും പാര്‍ലമെന്റ് കലാപത്തില്‍ ഒരു കേസുമാണ് നിലവിലുള്ളത്.

ഈ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ബോള്‍സൊനാരോയെ ജയിലലടക്കാന്‍ സാധ്യതയുണ്ടെന്നും നിയമ വിദഗ്ദരെ ഉദ്ധരിച്ചുള്ള മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ന് ഉച്ചയോടെ ബ്രസീലിലെത്തിയ ബോള്‍സൊനാരോയെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പാര്‍ട്ടി അനുയായികള്‍ വിമാനത്താവളത്തിലെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അവിടെ വെച്ച് പാര്‍ട്ടി അണികളെ അഭിവാദ്യം ചെയ്ത ബോള്‍സൊനാരോ പിന്നീട് ലിബറല്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയതായും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Brazil former president bolsonaro return to homeland

We use cookies to give you the best possible experience. Learn more