ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മുമ്പില്‍ തോല്‍വിയൊരു ശീലമാക്കി അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ കാമറൂണ്‍, മൊറോക്കൊ, സെനഗല്‍ എന്നീ ആഫ്രിക്കന്‍ ടീമുകളോടാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞത്.
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണ് കാമറൂണിനെതിരെ ബ്രസീല്‍ പരാജയപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തില്‍ വിജയിച്ച ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ബ്രസീലിന് കാമറൂണിന്റെ പിടി വീഴുകയായിരുന്നു. അവസാന നിമിഷത്തില്‍ സൂപ്പര്‍ താരം വിന്‍സെന്റ് അബൂബക്കറിന്റെ ഗോളിലാണ് അന്ന് ബ്രസീല്‍ കീഴടങ്ങിയത്. ഇഞ്ച്വറി ടൈമില്‍ വിന്‍സെന്റ് നേടിയ ആ ഗോള്‍ ലോകകപ്പിലെ തന്നെ മനോഹര നിമിഷങ്ങളിലൊന്നായിരുന്നു.
2022 മാര്‍ച്ചില്‍ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മൊറോക്കയോട് ബ്രസീല്‍ തോല്‍ക്കുന്നത്. 2-1നായിരുന്നു ഈ തോല്‍വി. അവസാനമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സാദിയോ മാനെയുടെ സെനഗലിന് മുന്നിലും കാനറികള്‍ കീഴടങ്ങി.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സാദിയോ മാനെയുടെ ഇരട്ട ഗോള്‍ ബലത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിനെ ആഫ്രിക്കന്‍ വമ്പന്മാര്‍ തകര്‍ത്തുവിട്ടത്. ഡിയാലോ സെനഗലിന്റെ ആദ്യഗോള്‍ നേടി
ലൂകാസ് പക്വേറ്റ, മാര്‍ക്വീഞ്ഞോസ് എന്നിവരാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. മാര്‍ക്വീഞ്ഞോസിന്റെ സെല്‍ഫ് ഗോളും ബ്രസീലിന് അടിയായി. മാനെയുടെ സെനഗല്‍ ആദ്യമായാണ് ബ്രസീലിനെ തോല്‍പിക്കുന്നത്. തോല്‍വി അറിയാതെയുള്ള സെനഗലിന്റെ എട്ടാമത്തെ മത്സരം കൂടിയാണിത്.