2024 പാരീസ് ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിന്റെ ഫൈനലിലേക്ക് മുന്നേറി ബ്രസീല്‍. സെമി ഫൈനലില്‍ സ്‌പെയ്‌നിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
മത്സരം തുടങ്ങി ആറാം മിനിട്ടില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തുകയായിരുന്നു. സ്പാനിഷ് താരം ഐറിന്‍ പരേഡസിന്റെ സെൽഫ് ഗോളിലൂടെയാണ് ബ്രസീല്‍ ലീഡ് നേടിയത്. ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജി. പോര്‍ട്ടിഹോയിലൂടെ ബ്രസീല്‍ രണ്ടാം ഗോള്‍ നേടി.
ആദ്യപകുതി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്രസീല്‍ തങ്ങളുടെ ഗോളടിമേളം തുടരുകയായിരുന്നു. 71ാം മിനിട്ടില്‍ അഡ്രിയാനയിലൂടെയും ഇഞ്ചുറി ടൈമില്‍ കെറോലിനിലൂടെയും ബ്രസീല്‍ വീണ്ടും സ്പാനിഷ് പോസ്റ്റിലേക്ക് ഉന്നം വെച്ചപ്പോള്‍ കാനറിപട കലാശപോരാട്ടത്തിലേക്ക് മുന്നേറുകയായിരുന്നു.
സ്‌പെയ്‌നിന് വേണ്ടി ഇരട്ടഗോള്‍ നേടിക്കൊണ്ട് എസ്. പാരല്ലുയെലോയും മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. 85ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിക്കൊണ്ട് താരം സ്പാനിഷ് പടയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നുവെന്ന് ആരാധകര്‍ കരുതി.
എന്നാല്‍ ബ്രസീല്‍ പ്രതിരോധം പിന്നീടുള്ള നിമിഷങ്ങളില്‍ ശക്തമായി നിലനിന്നതോടെ സ്പെയ്ന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു പാരല്ലുയെലോയുടെ രണ്ടാം ഗോള്‍ പിറന്നത്.
മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസഷനും സ്പെയിനിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സ്‌കോര്‍ ലൈനില്‍ ഈ അധിപത്യം പുലര്‍ത്താന്‍ സ്പാനിഷ് പടക്ക് സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തില്‍ 17 ഷോട്ടുകളാണ് ബ്രസീലിന്റെ പോസ്റ്റിലേക്ക് സ്പെയ്ന്‍ ഉതിര്‍ത്തത്.
ഇതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ബ്രസീല്‍ 16 ഷോട്ടുകളും സ്പെയിനിന്റെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു. ഇതില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
സെമിഫൈനലിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടത്തില്‍ യു.എസ്.എ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ പരാജയപ്പെടുത്തികൊണ്ട് ഫൈനലിലേക്ക് കുതിച്ചിരുന്നു.
ഓഗസ്റ്റ് പത്തിനാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ബ്രസീലും യു.എസ്.എയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയും സ്‌പെയ്‌നും നേര്‍ക്കുനേര്‍ എത്തും.
Content Highlight: Brazil Entered 2024 Paris Olympics Football Final