നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം
Copa America
നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 9:32 am

കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനെ തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചിച്ചത്. 4-2 എന്ന സ്‌കോറിനായിരുന്നു ഷൂട്ട് ഔട്ടില്‍ ഉറുഗ്വായുടെ വിജയം. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് ഉറുഗ്വായുടെ എതിരാളികള്‍.

ഷൂട്ട് ഔട്ടില്‍ ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ഡി അരാസ്‌കെറ്റ, മാനുവല്‍ ഉഗാര്‍ത്തെ എന്നിവര്‍ ഉറുഗ്വായ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീല്‍ ഗോളി അലിസന്‍ തടഞ്ഞിട്ടു. എന്നാല്‍ തോല്‍വി ഒഴിവാക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ബ്രസീലിനായി ആദ്യ കിക്കെടുത്ത സൂപ്പര്‍ താരം എഡര്‍ മിലിറ്റാവോയ്ക്ക് തന്നെ പിഴച്ചു. താരത്തിന്റെ ഷോട്ട് ഉറുഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിയകറ്റി.

പിന്നാലെ കിക്കെടുത്ത ആന്‍ഡ്രേസ് പെരേര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ ബ്രസീല്‍ സമ്മര്‍ദത്തിലേക്ക് വീണു.

അടുത്ത കിക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലയിലാക്കിയെങ്കിലും ഉറുഗ്വായുടെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉഗാര്‍ത്തെ ടീമിനെ സെമിയിലേക്ക് നയിച്ചു.

കളിയിലുടനീളം ബ്രസീലിനെ കായികപരമായി കൂടിയാണ് ഉറുഗ്വായ് നേരിട്ടത്. ഇതോടെ പലപ്പോഴും ആദ്യ പകുതിയില്‍ കളി പരുക്കനായി മാറിയിരുന്നു. 26 ഫൗളുകളാണ് ഉറുഗ്വായുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 74ാം മിനിട്ടില്‍ ഒരു ചുവപ്പു കാര്‍ഡും കണ്ടു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും യെല്ലോ കാര്‍ഡ് ലഭിച്ച് സസ്പെന്‍ഷനിലുള്ള വിനീഷ്യസ് ജൂനിയറിന് പകരം യുവതാരം എന്‍ഡ്രിക്കിനെ ഇറക്കിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിനിറങ്ങിയത്.

4-2-3-1 എന്ന ഫോര്‍മേഷനില്‍ കാനറികള്‍ കളത്തിലിറങ്ങിയപ്പോള്‍ സമാനമായ ഫോര്‍മേഷന്‍ തന്നെയാണ് ഉറുഗ്വായും അവലംബിച്ചത്.

തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വല കുലുങ്ങിയില്ല.

28ാം മിനിറ്റില്‍ ബ്രസീലിന് മുന്നിലെത്താന്‍ മികച്ച അവസരം ലഭിച്ചിരുന്നു. ഉറുഗ്വായ് താരത്തിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച എന്‍ഡ്രിക് പക്ഷേ നേരിട്ട് ഷോട്ട് എടുക്കുന്നതിന് പകരം റഫീന്യയ്ക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചത് ടീമിന് തിരിച്ചടിയായി. ഉറുഗ്വായ് ഡിഫന്‍ഡര്‍മാര്‍ കൃത്യമായി ഇടപെട്ടതോടെ അപകടം ഒഴിവായി.

ഇതിനിടെ 33ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റൊണാള്‍ഡ് അരോഹോ പരിക്കേറ്റ് മടങ്ങിയത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. എങ്കിലും മാക്സിമിലിയാനോ അരാഹോ, നിക്കോളാസ് ഡെലക്രൂസ്, ഫകുണ്ടോ പെല്ലിസ്ട്രി, ഫെഡെറിക്കോ വാല്‍വെര്‍ദെ, ഡാര്‍വിന്‍ നൂന്യസ് എന്നിവരിലൂടെ ഉറുഗ്വായ് തുടര്‍ച്ചയായി ബ്രസീല്‍ ഗോള്‍മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നു.

തുടക്കത്തില്‍ ബ്രസീലിന്റെ വിങ്ങര്‍മാരായ റോഡ്രിഗോയേയും റഫീന്യയേയും കൃത്യമായി തളച്ചിട്ട ഉറുഗ്വായ് ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു.

35-ാം മിനിറ്റില്‍ ഉറുഗ്വായക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. ബ്രസീല്‍ ബോക്സിലേക്ക് വന്ന ക്രോസ് അനായാസം വലയിലെത്തിക്കാനുള്ള അവസരം നൂന്യസ് നഷ്ടപ്പെടുത്തി.

പിന്നാലെ ബ്രസീലിനും ഗോളവസരം തുറന്നുകിട്ടി. പന്തുമായി ഓടിക്കയറിയ റഫീന്യയ്ക്ക് പക്ഷേ ഉറുഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റിനെ മറികടക്കാനായില്ല. റഫീന്യയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടുത്തിട്ടു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ രണ്ടാം പകുതിയിലും തുടര്‍ച്ചയായി ഉറുഗ്വായ്, ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോളൊന്നും വന്നില്ല.

ഇതിനിടെ റോഡ്രിഗോയ്ക്കെതിരായ ഗുരുതര ഫൗളിന് നാഹിറ്റന്‍ നാന്‍ഡെസ് 74ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഉറുഗ്വായ് 10 പേരായി ചുരുങ്ങി. വാറിന് ശേഷമായിരുന്നു റഫറിയുടെ തീരുമാനം.

ഈ ആനുകൂല്യം മുതലെടുക്കാന്‍ ബ്രസീല്‍ മുന്നേറ്റം ശക്തമാക്കാനായി മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫിനിഷിങ് പലപ്പോഴും പിഴച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീലിനെ പ്രതിരോധിച്ച ഉറുഗ്വായ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

 

Content highlight: Brazil Eliminated from Copa America