20 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ബ്രസീലിനെ ചവിട്ടി പുറത്താക്കി അർജന്റീന
Football
20 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ബ്രസീലിനെ ചവിട്ടി പുറത്താക്കി അർജന്റീന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 9:06 am

ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തായി. ഒളിമ്പിക്‌സ് യോഗ്യത മത്സരത്തില്‍ ചിരവൈരികളായ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്.

2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പോവുന്നത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഗോള്‍ഡന്‍ മെഡല്‍ സ്വന്തമാക്കാന്‍ ബ്രസീലിന് സാധിച്ചിരുന്നു.

വെനസ്വലയിലെ കാരക്കാസിലെ ബ്രിജിഡോ ഇരിയാര്‍ട്ടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77ാം മിനിട്ടില്‍ ലൂസിയാനോ ഗോന്‍ഡൗ ആണ് അര്‍ജന്റീനക്കായി മത്സരത്തിലെ ഏകഗോള്‍ നേടിയത്.

വാലന്റ്‌റൈന്‍ ബര്‍ക്കോ നല്‍കിയ ക്രോസില്‍ നിന്നും ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ മൈക്കലിനെ മറികടന്നു കൊണ്ടായിരുന്നു ലൂസിയാനോ ഗോള്‍ നേടിയത്.

അതേസമയം ഒളിമ്പിക്‌സ് യോഗ്യതയിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെനസ്വലയെ തോല്‍പ്പിച്ചിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും പരാഗ്വക്ക് സാധിച്ചു.

എന്നാല്‍ ബ്രസീലിനെതിരെയുള്ള വിജയത്തോടെ അഞ്ചു പോയിന്റുമായി യോഗ്യത നേടാന്‍ മഷറാനോക്കും കൂട്ടര്‍ക്കും സാധിച്ചു.

വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ അര്‍ജന്റീന ടീമിനൊപ്പം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും കളിക്കുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

അര്‍ജന്റീന ഒളിമ്പിക്‌സിന് യോഗ്യത നേടിയതോടെ സൂപ്പര്‍
താരങ്ങള്‍ കൂടി മഷറാനോയുടെ ടീമിലേക്ക് വന്നാല്‍ ഒളിമ്പിക്‌സില്‍ അര്‍ജന്റീന കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

Content Highlight: Brazil disqualify Olympics 2024 to lost against Argentina