അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍. ആഫ്രിക്കന്‍ ടീമായ ഗിനിയക്കെതിരെ ഒന്നിനെതിരെ നാല് ഗോളിനാണ് കാനറികള്‍ വിജയം പിടിച്ചടക്കിയത്.
സ്പാനിഷ് ലീഗില്‍ വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ വിദ്വേഷം ശക്തമായ സാഹചര്യത്തില്‍ക്കൂടിയാണ് ബ്രസീല്‍ ആഫ്രിക്കന്‍ ടീമുമായി സ്‌പെയ്‌നില്‍ തന്നെ മത്സരം സംഘടിപ്പിച്ചത്. അതിനാല്‍ ചരിത്രത്തിലാദ്യമായി കറുത്ത ജേഴ്‌സിയണിഞ്ഞാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.
ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് വംശീയ വിദ്വേഷത്തിനെതിരെ സന്ദേശം നല്‍കിക്കൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റതിനാല്‍ പത്താം നമ്പര്‍ ജേഴ്‌സിയില്‍ വിനീഷ്യസ് ജൂനിയറായിരുന്നു ബ്രസീലിനായി ഇറങ്ങിയത്.
ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിക്കപ്പെട്ടതിന് ശേഷമുള്ള വിനിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഫുട്‌ബോളിലെ വിവേചനപരമായ പെരുമാറ്റത്തിന് കര്‍ശനമായ ശിക്ഷകള്‍ നിര്‍ദേശിക്കുന്ന പ്രത്യേക സമിതിയാണിത്.
കളിക്കാരും ഫിഫയില്‍ നിന്നുള്ള മറ്റ് ഒഫീഷ്യല്‍സുമാണ് സമിതിയിലെ അംഗങ്ങള്‍. വംശീയത ഫുട്ബോളില്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും അതിനായി ഫുട്ബോള്‍ ലോകം ഒന്നിച്ച് നില്‍ക്കണമെന്നുമായിരുന്നു വിനിയെ നിയമിച്ചതിന് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടത്.
ബ്രസീലിനായി ജോലിന്റന്റെ അരങ്ങേറ്റം കൂടിയായിരുന്നു ആര്‍.സി.ഡി.ഇ സ്‌റ്റേഡിയത്തില്‍ കണ്ടത്. ദേശീയ ടീമിന് വേണ്ടിയുള്ള കന്നി മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്താനും ജോലിന്റനായി. മത്സരത്തിലെ ആദ്യ ഗോള്‍ നേടിയതും ജോലിന്റന്‍ തന്നൊയിരുന്നു.
മത്സരം തുടങ്ങി 27ാം മിനിട്ടില്‍ തന്നെ ജോലിന്റന്‍ കാനറികള്‍ക്ക് ലീഡ് നല്‍കി. ആദ്യ ഗോള്‍ പിറന്ന് മൂന്ന് മിനിട്ടിനകം തന്നെ റോഡ്രിഗോ ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി.
എന്നാല്‍ മത്സരത്തിന്റെ 36ാം മിനിട്ടില്‍ ഗിനിയ തിരിച്ചടിച്ചു. സെര്‍ഹോ ഗിരാസിയായിരുന്നു ആഫ്രിക്കന്‍ കരുത്തരുടെ ഗോള്‍ സ്‌കോറര്‍.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ബ്രസീല്‍ നിമിഷങ്ങള്‍ക്കകം തന്നെ ലീഡ് ഉയര്‍ത്തി. 47ാം മിനിട്ടില്‍ എഡര്‍ മിലിറ്റാവോയാണ് ബ്രസീലിനായി ഗോള്‍ കണ്ടെത്തിയത്. ഒടുവില്‍ നിശ്ചിത സമയത്തിന് രണ്ട് മിനിട്ട് ശേഷിക്കെ പെനാല്‍ട്ടിയിലൂടെ വിനീഷ്യസ് ജൂനിയര്‍ പട്ടിക പൂര്‍ത്തിയാക്കി.
ജൂണ്‍ 21നാണ് ബ്രസീലിന്റെ അടുത്ത മത്സരം. എസ്റ്റാഡിയോ ഹോസെ അല്‍വാല്‍ദേയില്‍ നടക്കുന്ന മത്സരത്തില്‍ സെനഗലാണ് ബ്രസീലിന്റെ എതിരാളികള്‍.
Content Highlight: Brazil defeats Guinea in friendlies