| Friday, 12th October 2012, 12:20 pm

സൗഹൃദമത്സരത്തില്‍ ഇറാഖിനെ തകര്‍ത്ത് ബ്രസീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വീഡന്‍: അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ഇറാഖിനെതിരെ ബ്രസീലിനു തകര്‍പ്പന്‍ ജയം. സ്വീഡനിലെ മാല്‍മോയില്‍ നടന്ന മത്സരത്തില്‍ ഇറാക്കിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്.[]

22-മത്തെ മിനിറ്റില്‍ ഓസ്‌കറാണ് ബ്രസീലിന്റെ ഗോള്‍വേട്ട തുടങ്ങിവച്ചത്. 27 -ാമത്തെ മിനിറ്റില്‍ ഓസ്‌കര്‍ തന്നെ വീണ്ടും ഇറാഖിന്റെ ഗോള്‍വല ചലിപ്പിച്ചു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ ടീമില്‍ മടങ്ങിയെത്തിയ കക്കയ്ക്കായിരുന്നു അടുത്ത ഊഴം.

48 -ാം മിനിറ്റില്‍ ലഭിച്ച തുറന്ന അവസരം, ഇറാക്കിന്റെ ഗോള്‍വലയിലേയ്ക്കു കക്ക നിറയൊഴിച്ചു. തുടര്‍ന്ന് ഹള്‍ക്ക്(56), യുവതാരം നെയ്മര്‍(75), ലൂക്കാസ്(80) എന്നിവര്‍ ബ്രസീലിന് വേണ്ടി ഗോള്‍ നേടി.

2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഹോളണ്ടിനെതിരായ ക്വാര്‍ട്ടറിലാണ് കക്ക അവസാനം മഞ്ഞക്കുപ്പായമിട്ടത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നതിന്റെ പേരില്‍ കക്കയ്ക്കു ടീമില്‍ അവസരം നല്‍കിയതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടിയാണ് കക്ക ഇറാഖിനെതിരെ പുറത്തെടുത്ത പ്രകടനം.

We use cookies to give you the best possible experience. Learn more