ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് ആധികാരിക ജയം. ബൊളീവിയക്കെതിരേ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കാനറികളുടെ അനായാസജയം.
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാത്ത കാനറികള്‍, രണ്ടാംപകുതിയില്‍ കളം നിറഞ്ഞു കളിക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ മൂന്നുമിനിറ്റിനുള്ളില്‍ (50, 53) ഫിലിപ്പെ കുട്ടീന്യോയും 85-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സോറസുമാണ് ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടിയത്.
12-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബ്രസീല്‍ നശിപ്പിച്ചു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ പുറത്തേക്കു പോവുകയായിരുന്നു.
കളിയിലുടനീളം പരിചയസമ്പത്തിന്റെ അഭാവം ബൊളീവിയയില്‍ പ്രകടമായിരുന്നു. അതിനിടെ തിയാഗോ സില്‍വയെ ഫൗള്‍ ചെയ്തതിന് ഫെര്‍ണാണ്ടോ സൗസെഡോയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
ആദ്യപകുതി സമനിലയില്‍ അവസാനിച്ചെങ്കിലും സ്വന്തം മണ്ണില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയായിരുന്നു രണ്ടാംപകുതിയുടെ ആദ്യ നിമിഷങ്ങള്‍ ബ്രസീല്‍ കളം നിറഞ്ഞത്. ബൊളീവിയന്‍ ഡിഫന്‍ഡര്‍ അഡ്രിയാന്‍ ജുസീനോ ബോക്‌സിനുള്ളില്‍ വെച്ച് കൈകൊണ്ട് പന്ത് തടഞ്ഞപ്പോള്‍ ബ്രസീലിനത് ആദ്യ ഗോളവസരമായി. പെനാല്‍റ്റി കിക്കെടുത്ത കുട്ടീന്യോ പിഴവുകളില്ലാതെ ആദ്യ ഗോള്‍ നേടി.
മൂന്നുമിനിറ്റിനു ശേഷം ബ്രസീല്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ രണ്ടാംഗോള്‍ നേടുന്നതിന് മൊറമ്പി സ്‌റ്റേഡിയം സാക്ഷിയായി. വിങ്ങില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയെടുത്ത ക്രോസ് പെനാല്‍റ്റി ബോക്‌സിന്റെ പരിസരത്തുനിന്ന് കുട്ടീന്യോയുടെ കാലുകളില്‍ കൃത്യമായെത്തുകയായിരുന്നു. പെനാല്‍റ്റിയെടുത്ത ലാഘവത്തോടെ ക്ലോസ് റേഞ്ചില്‍ നിന്ന് കുട്ടീന്യോയെടുത്ത ഷോട്ട് ഗോളിക്ക് കൈപ്പിടിയില്‍ ഒതുക്കാവുന്നതിലും അപ്പുറത്തായിരുന്നു.
രണ്ട് ഗോളിന്റെ ആനുകൂല്യം മുതലെടുത്ത ബ്രസീല്‍ പിന്നീട് ബൊളീവിയക്ക് ഒരവസരം പോലും കൊടുത്തില്ല. കളിയവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ എവര്‍ട്ടണ്‍ ഇടതുവിങ്ങില്‍ നിന്ന് പന്ത് കട്ട് ചെയ്ത് രണ്ട് പ്രതിരോധനിര താരങ്ങളെ വെട്ടിച്ച് പോസ്റ്റില്‍ അടിച്ചുകയറ്റുകയായിരുന്നു.
ബ്രസീലിന്റെ അടുത്ത മത്സരം വെനസ്വേലയുമായാണ്. ആ മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാം. ബൊളീവിയക്ക് അടുത്ത മത്സരം പെറുവുമായാണ്. ഈ മത്സരത്തില്‍ തോറ്റാല്‍ അവര്‍ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിക്കും.