ബെലോ ഹോറിസോണ്ട: ലോക ഫുട്‌ബോളിലെതന്നെ സൂപ്പര്‍ പോരാട്ടത്തില്‍ കാനറികള്‍ക്ക് ആധികാരികജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കോപ അമേരിക്കയില്‍ അര്‍ജന്റീനയെ തകര്‍ത്ത് ആതിഥേയരായ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചത്. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫെര്‍മിനോ എന്നിവരാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്.
മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍, ജീസസിന്റെ വക. പിന്നീട് അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്ന് സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. അതിനിടെ ഒപ്പമെത്താന്‍ ഒരവസരം ലഭിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി പന്ത് പുറത്തുപോയി.
65-ാം മിനിറ്റില്‍ ലഭിച്ച മികച്ച ഗോള്‍ അവസരം മുതലാക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ആവാതെ പോയപ്പോള്‍, നീലപ്പട തോല്‍വി സമ്മതിച്ചവരെപ്പോലെയായി കളത്തില്‍.
71-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ അലസത മുതലാക്കിയ ബ്രസീല്‍ റോബര്‍ട്ടോ ഫെര്‍മിനോയിലൂടെ ലീഡുയര്‍ത്തി.
അര്‍ജന്റീനയ്ക്ക് അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ മഞ്ഞപ്പടയ്ക്കു ലഭിച്ചത് രണ്ട് കാര്‍ഡാണ്.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു അര്‍ജന്റീന. നാളെ നടക്കുന്ന ചിലി-പെറു മത്സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.