Kerala News
'നാട്ടിലേക്ക് വന്നേക്കണേടാ പൊന്നു മോനെ'; വി.ടി. ബല്‍റാമിനെതിരെ തിരിച്ചടിച്ച് ഷാഫിയും രാഹുലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 09, 06:29 pm
Friday, 9th December 2022, 11:59 pm

പാലക്കാട്: ലോകകപ്പില്‍ സൗദി അറേബ്യയോട് അര്‍ജന്റീന ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയും ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

ഖത്തറിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീന- സൗദി അറേബ്യ കളി കാണാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും തത്സമയം ഉണ്ടായിരുന്നു. ഇരുവരും സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഈ ചിത്രം പങ്കുവെച്ച് ‘ങാ ചുമ്മാതല്ല’ എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

എന്നാലിപ്പോള്‍ ഇതിന് തിരിച്ചടിച്ചിരിക്കുകയാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും.

ബ്രസീല്‍ ഫാനായ ബല്‍റാം തന്റെ ടീമിന്റെ കളി കാണാന്‍ ഖത്തിറിലെത്തിയിരുന്നു. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ വിജയിച്ചപ്പോള്‍ ‘ജസ്റ്റ് സ്റ്റാര്‍ട്ടഡ്’ എന്ന ക്യാപ്ഷനോടെ സ്റ്റേഡിയത്തില്‍ നിന്ന് ബ്രസീലിന്റെ കൊടി പിടിച്ചുനില്‍ക്കുന്ന തന്റെ ചിത്രം ബല്‍റാം പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ബ്രസീല്‍ തോറ്റ മത്സരത്തിന് പിന്നാലെ ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ഷാഫി പറമ്പിലിന്റെ പരിഹാസം.

‘ങ്ങാ… അല്ലെങ്കി വേണ്ട..’ എന്ന് ക്യാപ്ഷനോടെയാണ് ബല്‍റാമിന്റെ ഫോട്ടോ ഷാഫി പങ്കുവെച്ചത്.

‘നാട്ടിലേക്ക് വന്നേക്കണേടാ പൊന്നു മോനെ….(തിലകന്‍ ജെപഗ്)’ എന്നാണ് ഇതിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്.

അതേസമയം, ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞത്. മത്സരത്തിന്റെ 90 മിനിട്ടും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറാണ് ബ്രസീലിനെ മുമ്പിലെത്തിച്ചത്. എന്നാല്‍ 116ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.

Content Highlight: brazil defeat in world cup, Shafi Parambil and Rahul mamkootathil against VT Balram