ഫിഫ വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ ഇടം പിടിക്കാനുള്ള പോരാട്ടം ഇന്ന് ആരംഭിക്കും. ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെയാണ് നേരിടുന്നത്. ഫുട്‌ബോളില്‍ ബ്രസീലും ക്രൊയേഷ്യയും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ മാത്രമാണ്. അതില്‍ രണ്ട് തവണയാണ് ലോകകപ്പില്‍ ഏറ്റുമുട്ടിയത്.
2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിക്കുകയായിരുന്നു. കക്കയായിരുന്നു ബ്രസീലിനായി അന്ന് ഗോള്‍ നേടിയത്.
2014ല്‍ നടന്ന ലോകകപ്പിലായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടല്‍. അന്നും ബ്രസീല്‍ തന്നെ ജയിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യയെ ബ്രസീല്‍ കീഴടക്കിയിരുന്നത്. നെയ്മര്‍ അന്ന് ഇരട്ട ഗോളുകള്‍ നേടി.
അതിന് ശേഷം 2018ല്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയും വീണ്ടും ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ ജയിക്കുകയും ചെയ്തു. ഇരു ടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് ആറിനാണ്. അപ്പോഴും ജയം ബ്രസീലിന് ഒപ്പമായിരുന്നു.
ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം എടുത്തു നോക്കുമ്പോള്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Brazil vs Croatia tactical pre-view and how Croatia can find their chances in the game
ഇനി അതെല്ലാം മാറ്റിവെച്ച് നോക്കുകയാണെങ്കില്‍ തന്നെ ബ്രസീല്‍ മികച്ച ഫോമിലാണ് ഖത്തര്‍ ലോകകപ്പില്‍ തുടരുന്നത്. ബ്രസീലിനെ പോലെ പ്രതിഭാ സമ്പന്നമായ സംഘമല്ല ക്രൊയേഷ്യയുടേത്. സൂപ്പര്‍താരം ലൂക്ക മോഡ്രിച്ചിനെ ചുറ്റിപ്പറ്റിയാണ് ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ച് തന്ത്രങ്ങള്‍ മെനയുന്നത്.
മിഡ്ഫീല്‍ഡില്‍ ആണ് ടീമിന്റെ കരുത്ത്. ഫോര്‍വേഡ് പ്ലയേഴ്‌സിനെ നോക്കുമ്പോള്‍ ക്രമാറിച്ച് മാത്രമാണ് സ്ഥിരതയുള്ള ഫിനിഷര്‍. എന്നാല്‍ പ്രതിരോധ നിരയില്‍ തരക്കേടില്ലാത്ത ടീമാണ് ക്രൊയേഷ്യയുടേത്.