ബ്രസീലിയ: ഗസയിലെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബ്രസീൽ. ഇസ്രഈൽ ഗവൺമെന്റിന്റെ കൂട്ടക്കൊല തടയാൻ ആഗോള രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായും ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.
90 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അഭയാർത്ഥി ക്യാമ്പിന് നേരെ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെക്കുറിച്ചും അൽ-ഷാതിയിലെ പള്ളിയിൽ ഭരണകൂടം നടത്തിയ ആക്രമണത്തെക്കുറിച്ചും പ്രസിഡൻ്റ് പറഞ്ഞു.
‘നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിച്ച ഗസയിൽ ഉണ്ടായ ഏറ്റവും പുതിയ ബോംബാക്രമണം അംഗീകരിക്കാനാവില്ല,’ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. ജനാധിപത്യ ലോകത്തെ രാഷ്ട്രീയ നേതാക്കളായ ഞങ്ങൾക്ക് ഈ അനന്തമായ കൂട്ടക്കൊലയ്ക്ക് മുന്നിൽ നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്ന മാരകമായ ആക്രമണങ്ങൾക്ക് മുന്നിൽ നിശബ്ദത പാലിക്കരുതെന്ന് ലോകത്തോട് ആഹ്വാനം ചെയ്ത ബ്രസീൽ പ്രസിഡൻ്റ് ഫലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് ഭയാനകമാണെന്നും കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ ഏഴിന് ഗസയിൽ വംശഹത്യ ആരംഭിച്ചതു മുതൽ ബ്രസീലും ഇസ്രഈൽ ഭരണകൂടവും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ദിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ബ്രസീൽ മെയ് മാസത്തിൽ ഇസ്രഈലിലെ തങ്ങളുടെ അംബാസഡറെ പിൻവലിച്ചിരുന്നു.
ബ്രസീൽ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും 2010 ൽ ബ്രസീലിയൻ തലസ്ഥാനത്ത് എംബസി നിർമിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. ജൂലൈ ആദ്യം, ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണ പ്രകടമാക്കി ബ്രസീൽ ഫലസ്തീൻ അതോറിറ്റിയുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടിരുന്നു.
ഗസയിലെ ഇസ്രഈലിന്റെ വംശഹത്യക്കെതിരെ ശക്തമായ പ്രതികരിക്കുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യമല്ല ബ്രസീൽ. മെയ് മാസത്തിൽ, കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ബൊഗോട്ടയും ടെൽ അവീവും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഗസയിലെ ഇസ്രഈലിന്റെ ഭീകരമായ നടപടികളെ നാസി ജർമനിയുടെ നടപടികളോടാണ് പെട്രോ താരതമ്യം ചെയ്തിരുന്നത്.
Content Highlight: Brazil condemns Israel’s ‘endless massacre’ of Palestinians, urges world to act