ബ്രസീലിയ: രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ നേരിടുന്ന വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ ബ്രസീലിന്റെ വടക്കു ഭാഗത്തുള്ള അതിര്‍ത്തി അടച്ചു. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി.
രണ്ടു വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങള്‍ രാജ്യം വിട്ട് അഭയം തേടിയെത്തുന്നത് ബ്രസീലിലേയ്ക്കാണ്.
ബ്രസീലുകാര്‍ക്കും അല്ലാത്തവര്‍ക്കും അതിര്‍ത്തിയിലൂടെ കടന്നുപോകാം. എന്നാല്‍ വെനസ്വേലയില്‍ നിന്നുള്ളവര്‍ക്ക് അവരുടെ രാജ്യത്തേയ്ക്ക് തിരിച്ചു പോവുന്നതിന് മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി ഗേറ്റ് തുറന്നുകൊടുക്കുന്നത്.
ബ്രസീലിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ റെറൈമയുടെ തലസ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ അഭയം തേടിയിരിക്കുന്നത്. 3.3 ലക്ഷം കുടിയേറ്റക്കാര്‍ വരെ ഇവിടെയുണ്ടെന്നാണ് കണക്ക്.
ദിവസവും 500 വെനസ്വേലക്കാര്‍ ബ്രസീലിലേയ്ക്ക് കുടിയേറുന്നുണ്ട്. അതേസമയം, റെറൈമ ഗവര്‍ണര്‍ ഫെഡറല്‍ ജഡ്ജിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. കുടിയേറ്റക്കാരോട് കഴിഞ്ഞ മെയ് മാസം മുതല്‍ രാജ്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ പൊതു സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു.