| Wednesday, 14th September 2022, 10:32 pm

ആരെ പിടിച്ചുകെട്ടാനാണ് കൂടുതല്‍ പ്രയാസം, മെസിയെയോ അതോ റൊണാള്‍ഡോയെയോ? മറുപടിയുമായി ബ്രസീലിന്റെ വല്യേട്ടന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ. ശാന്തമായ മുഖത്തോടെ ബ്രസീലിന്റെ ഗോള്‍മുഖത്ത് പ്രതിരോധം തീര്‍ക്കുന്ന സില്‍വ എന്നും എതിര്‍ ടീമിന്റെ മുന്നേറ്റനിരയുടെ പേടി സ്വപ്‌നമായിരുന്നു.

ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സില്‍വ, വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിലും ബ്രസീലിന്റെ പ്രതിരോധ കോട്ടയുടെ നായകനാകും.

ലോകകപ്പ് അടുത്തുവരുമ്പോള്‍ താരത്തിന്റെ ഒരു പഴയ മറുപടി വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു പഴയ അഭിമുഖത്തില്‍ മെസിയെയാണോ റോണാള്‍ഡോയെ ആണോ ഡിഫന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ട് എന്ന ചോദ്യത്തിന് സില്‍വ നല്‍കിയ മറുപടിയാണ് ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്നത്.

ഒരു ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ച് ഏതൊരു അഭിമുഖത്തിലും മെസിയെയും റൊണാള്‍ഡോയെയും ബന്ധപ്പെടുത്തുന്ന ചോദ്യങ്ങളുണ്ടാവും. ഇത്തരമൊരു ചോദ്യം തന്നെയാണ് ഇ.എസ്.പി.എന്നിലെ ഒരു അഭിമുഖത്തില്‍ സില്‍വക്ക് നേരിടേണ്ടി വന്നത്.

മെസി ഓര്‍ റൊണാള്‍ഡോ, ഇവരില്‍ ആരെ ഡിഫന്‍ഡ് ചെയ്ത് നിര്‍ത്താനായിരുന്നു ബുദ്ധിമുട്ട് എന്നതായിരുന്നു ചോദ്യം. പന്ത് കാലില്‍ കിട്ടിയാല്‍ റൊണാള്‍ഡോയേക്കാള്‍ അപകടകാരിയും തടുത്ത് നിര്‍ത്താന്‍ പ്രയാസവും മെസിയെ ആണെന്നായിരുന്നു സില്‍വയുടെ മറുപടി.

‘ചെറിയ വ്യത്യാസമെന്തെന്നാല്‍, പന്ത് കാലില്‍ കിട്ടിയാല്‍ മെസിയെ തടഞ്ഞു നിര്‍ത്തല്‍, അതിപ്പോള്‍ വണ്‍ ഓണ്‍ വണ്‍ ആയാലും ടൂ ഓണ്‍ വണ്‍ ആയാലും പ്രയാസമാണ്. റൊണാള്‍ഡോയുടെ കാര്യത്തില്‍ എളുപ്പമാണെന്ന് ഞാന്‍ പറയുന്നില്ല.

നെയ്മറിനെ പോലെ അവിശ്വസിനീയമാം വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പുള്ളവര്‍ തന്നെയാണ് മെസിയും റൊണാള്‍ഡോയും. എന്നിരുന്നാലും റൊണാള്‍ഡോയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രയാസം മെസിയെ ഡിഫന്‍ഡ് ചെയ്ത് നിര്‍ത്തുക എന്നതാണെന്നാണ് ഞാന്‍ കരുതുന്നത്,’ സില്‍വ പറയുന്നു.

ഫുട്‌ബോള്‍ ലോകത്ത് ഏറെ കാലം നിറസാന്നിധ്യമായിട്ടും മെസിക്കൊപ്പമോ റൊണാള്‍ഡോക്കൊപ്പമോ കളിക്കാന്‍ ഈ ചെല്‍സി താരത്തിനായിട്ടില്ല. മെസി പി.എസ്.ജിയിലേക്കെത്തുന്നതിന് മുമ്പ് താരം ചെല്‍സിയിലേക്ക് മാറിയിരുന്നു.

പി.എസ്.ജിയ്‌ക്കൊപ്പം നിരവധി തവണ ലീഗ് വണ്‍ കിരീടവും ഫ്രഞ്ച് സൂപ്പര്‍ കപ്പും സ്വന്തമാക്കിയ താരം ചെല്‍സിയെ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ജേതാക്കളാക്കുന്നതിലും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.

Content Highlight: Brazil Captain Thiago Silva says  it is harder to defend against Lionel Messi than Cristiano Ronaldo

We use cookies to give you the best possible experience. Learn more