ഖത്തർ ലോകകപ്പിൽ 974 സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ നേടിയ വിജയത്തിന് ശേഷം ടീം ബ്രസീൽ പെലെയുടെ ബാനർ പുറത്തിറക്കി.
ജയത്തിന് ശേഷം പെലെയുടെ പേരെഴുതിയ ബാനർ പിടിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ മൈതാനത്തിൽ നടന്നിരുന്നു. തുടർന്ന് ടീമംഗങ്ങൾ പെലെക്ക് പിന്തുണയറിയിച്ച് ബാനറുമായി ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു.
വൻകുടലിലെ അർബുദത്തെ തുടർന്ന് ചികിത്സയിലാണ് മുൻ ഇതിഹാസ താരം. 82കാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയൻ മാധ്യമമായ ഫോൾഹ റിപ്പോർട്ട് ചെയ്‌തിരുന്നു.
പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് ചികിത്സ നൽകുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൻകുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടർന്ന് പെലെ ഏറെനാൾ ആശുപത്രിയിലായിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി.
ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിൽ (1958, 1962, 1970) നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 92 മത്സരങ്ങളിൽ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.
അതേസമയം ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ തകർത്ത് ടീം ബ്രസീൽ ക്വാർട്ടറിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഞെട്ടിക്കുന്ന ജയവുമായാണ് കാനറിപ്പടയുടെ മുന്നേറ്റം.
ആദ്യ പകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കാനറികൾ ആധിപത്യം പുലർത്തിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോൾ നേടിയത്. ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.