| Tuesday, 24th June 2014, 4:48 am

കാമറൂണിനെതിരെ തകര്‍പ്പന്‍ ജയം: ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: ലോകക്കപ്പ് ഫുട്‌ബോള്‍ എ ഗ്രൂപ്പില്‍ നിന്നും ആതിഥേയരായ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കാമറൂണിനെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഗ്രൂപ്പ് ജേതാക്കളായി ബ്രസീല്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ബ്രസീലിയയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. 

ഇരട്ട ഗോളുമായി നെയ്മറും ഓരോ ഗോളുകളുമായി ഫ്രെഡ്, ഫെര്‍ണാണ്ടിഞ്ഞോ എന്നിവരും തിളങ്ങി. കാമറൂണിന്റെ ആശ്വാസ ഗോള്‍ മാട്ടിപ്പിന്റെ കാലില്‍ നിന്നായിരുന്നു. ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ക്രെയേഷ്യയെ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. ഹെര്‍ണാണ്ടസ്, മാക്വാസ്, ഗ്വാര്‍ഡാവോ എന്നിവരാണ് മെക്‌സിക്കോയുടെ ഗോള്‍ സ്‌കോറന്‍മാര്‍. 

ക്രെയേഷ്യക്കായി പെരിസിച്ചാണ് ഒരു ഗോള്‍ മടക്കിയത്. ഗ്രൂപ്പില്‍ മെക്‌സിക്കോയും ബ്രസീലും പോയന്റ് നിലയില്‍ തുല്യരാണ്. രണ്ട് ജയവും ഒരു സമനിലയുമായി ഇരുടീമിനും ഏഴ് പോയന്റ് വീതമുണ്ട്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ മുന്നിലെത്തുകയായിരുന്നു. ബ്രസീല്‍ ആറ് ഗോള്‍ അടിച്ച് രണ്ട് ഗോള്‍ തിരിച്ച് വാങ്ങിയപ്പോള്‍ മെക്‌സിക്കോ നാല് ഗോള്‍ അടിച്ച് ഒരു ഗോള്‍ തിരിച്ച് വാങ്ങി. 

ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ പ്രീക്വാര്‍ട്ടറില്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ചിലിയാവും ആതിഥേയരുടെ എതിരാളികള്‍. മെക്‌സിക്കോയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഹോളണ്ടുമായാവും മാറ്റുരക്കേണ്ടി വരിക. ഗ്രൂപ്പില്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന അവസാന മത്സരത്തില്‍ ഹോളണ്ടിനോട് ചിലി തോറ്റിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചിലിയുടെ പരാജയം. 


We use cookies to give you the best possible experience. Learn more