കോപ്പയിൽ സാമ്പാ നൃത്തം കളിച്ച് വിനീഷ്യസ്; തിരിച്ചുവരവ് രാജകീയമാക്കി ബ്രസീൽ
Football
കോപ്പയിൽ സാമ്പാ നൃത്തം കളിച്ച് വിനീഷ്യസ്; തിരിച്ചുവരവ് രാജകീയമാക്കി ബ്രസീൽ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th June 2024, 9:31 am

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരാഗ്വയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കാനറിപട തകര്‍ത്തുവിട്ടത്. ഇരട്ടഗോള്‍ നേടികൊണ്ട് കളം നിറഞ്ഞു കളിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ കരുത്തിലാണ് ബ്രസീല്‍ കോപ്പയിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചത്. എതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ ഈ മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.

മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്. മത്സരത്തിന്റെ 35 മിനിട്ടില്‍ വിനീഷ്യസിലൂടെയാണ് ബ്രസീല്‍ തങ്ങളുടെ ഗോളടിമേളം തുടങ്ങിയത്. പിന്നീട് 43ാം മിനിട്ടില്‍ സാവിയോയിലൂടെ ബ്രസീല്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിനീഷ്യസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും ബ്രസീലിന്റെ മൂന്നാം ഗോളും നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ കാനറിപട എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഒമര്‍ അല്‍ഡെറേറ്റിലൂടെ പരാഗ്വ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 68ാം മിനിട്ടില്‍ ലൂക്കാസ് പാക്വറ്റ പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ബ്രസീലിന് സമ്പൂര്‍ണ്ണ വിജയം നേടിക്കൊടുക്കുകയായിരുന്നു.

81ാം മിനിട്ടില്‍ പരാഗ്വ താരം ആന്ദ്രേസ് ക്യൂബസ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്താവുകയും ചെയ്തിരുന്നു. ഇതോടെ അവസാന നിമിഷങ്ങളില്‍ പത്ത് പേരുമായാണ് പരാഗ്വ കളിച്ചത്.

ഈ തകര്‍പ്പന്‍ വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. മറുഭാഗത്ത് രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പരാഗ്വ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്. ജൂലൈ മൂന്നിന് ഒന്നാം സ്ഥാനത്തുള്ള കൊളംബിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് പരാഗ്വയുടെ എതിരാളികള്‍.

 

Content Highlight: Brazil Beat Paraguay in Copa America