ജൂണ്‍ 21ന് നടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ആവേശകരമായ വിജയം. മെക്‌സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കാനറി പട തകര്‍ത്തുവിട്ടത്.
കൈല്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ഇരു ടീമുകളും പോരാട്ടത്തിനിറങ്ങിയത്. യുവതാരം എന്‍ഡ്രിക് ആയിരുന്നു ബ്രസീലിന് ആവേശകരമായ വിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി കൊണ്ടായിരുന്നു യുവ താരം ബ്രസീലിനെ വിജയത്തില്‍ എത്തിച്ചത്.
എന്‍ഡ്രിക്ക് ഇതിനു മുമ്പ് തന്നെ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയിരുന്നു. യൂറോപ്പ്യന്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ നേടിയ ഗോളോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നത്. ബ്രസീലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാൻ എന്‍ഡ്രിക്കിന് സാധിച്ചിരുന്നു. തന്റെ 17ാം വയസില്‍ ആയിരുന്നു എന്‍ഡ്രിക് ഇംഗ്ലീഷ് പടയ്‌ക്കെതിരെ ചരിത്രം കുറിച്ചത്.
1994ല്‍ റൊണാള്‍ഡോ നസാരിയോ ആയിരുന്നു ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. നീണ്ട 20 വര്‍ഷങ്ങളുടെ റെക്കോഡ് ആയിരുന്നു എന്‍ഡ്രിക് തകര്‍ത്തത്. ഈ 17 കാരന്‍ തന്നെ ഇന്ന് വീണ്ടും കാനറി പടയുടെ രക്ഷകനായത് ഏറെ ശ്രദ്ധേയമായി. താരത്തിന്റെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന കോപ്പയിലും വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്.
അതേസമയം മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ആന്‍ഡ്രിയോസിലൂടെ ബ്രസീല്‍ ആദ്യം ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ ഗോള്‍ നേട്ടം രണ്ടാക്കി മാറ്റി.
എന്നാല്‍ 73ാം മിനിട്ടില്‍ ജൂലിയന്‍ കിനോണ്‍സിലൂടെ മെക്‌സിക്കോ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗില്ലര്‍ മാര്‍ട്ടിനസ് അയാലയിലൂടെ മെക്‌സിക്കോ മത്സരത്തില്‍ ഒപ്പം പിടിച്ചു. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ അവസാന നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 17 കാരന്റെ ഗോളിലൂടെ ബ്രസീല്‍ ജയിച്ചു കയറുകയായിരുന്നു. ജൂണ്‍ 13ന് യു.എസ്.എക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
അതേസമയം കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഇടം നേടിയിട്ടുള്ളത്. ബ്രസീലിനൊപ്പം കൊളംബിയ, ഇക്വഡോര്‍, കോസ്റ്റാറിക്ക എന്നീ ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരയ്ക്കുന്നത്. ജൂണ്‍ 25നാണ് ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരം നടക്കുന്നത്. സോഫി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് കാനറി പടയുടെ എതിരാളികള്‍.
Content Highlight: Brazil beat Mexico in Friendly Match