| Saturday, 7th September 2024, 8:40 am

ലോകകപ്പ് യോഗ്യതയില്‍ ബ്രസീല്‍ മുന്നോട്ട്; ഇക്വഡോറിനെ തകര്‍ത്തെറിഞ്ഞ് കാനറിപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന് ജയം. ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറിപ്പട പരാജയപ്പെടുത്തിയത്. ബ്രസീലിലെ കൗട്ടോ പെരെരിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ശൈലിയായിരുന്നു ഇക്വഡോര്‍ പിന്തുടര്‍ന്നത്.

മത്സരത്തില്‍ ബ്രസീലിനായി ഗോള്‍ നേടിയത് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം റോഡ്രിഗോ ആയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ 30ാം മിനിട്ടിലായിരുന്നു റയല്‍ താരം ലക്ഷ്യം കണ്ടത്. പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

മറുപടി ഗോളിനായി ഇക്വഡോര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ 58 ശതമാനം ബോള്‍ പൊസഷനും ബ്രസീലിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. ഒമ്പത് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഇക്വഡോര്‍ നേടിയ ഏഴ് ഷോട്ടുകളില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി പത്തു പോയിന്റോടെ നാലാം സ്ഥാനത്താണ് ബ്രസീല്‍. മറുഭാഗത്ത് ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ് ഇക്വഡോര്‍.

സെപ്റ്റംബര്‍ 11ന് പരാഗ്വക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ പെറുവിനെയാണ് ഇക്വഡോര്‍ നേരിടുക.

Content Highlight: Brazil Beat Ecuador in World Cup Qualifier Match

We use cookies to give you the best possible experience. Learn more