സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് പരിശീലകന്‍ ഡോറിവാള്‍ ജൂനിയര്‍ ടീമിനെ പ്രഖ്യാപിച്ചത്.
പരിക്കില്‍ നിന്നും മുക്തി നേടി നെയ്മര്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് താരത്തിന് ടീമില്‍ ഇടംനേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. ഇഞ്ചുറി ഗുരുതരമായതോടെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്‌ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു. നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാലിന്റെ താരമാണ് നെയ്മര്‍.
യുവതാരം എസ്താവോ വില്യന്‍ ടീമില്‍ ഇടം നേടിയത് ഏറെ ശ്രദ്ധേയമായി. മെസീഞ്ഞോ എന്ന് വിളിപ്പേരുള്ള താരം ഇതിനോടകം തന്നെ തന്റെ പ്രതിഭ കൊണ്ട് ഫുട്ബോള്‍ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഈ മിന്നും പ്രകടനങ്ങള്‍ ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മാര്‍ട്ടിനെല്ലി, കാസിമിറോ, ആന്റണി, റീചാര്‍ലിസന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.
നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം ഏഴ് പോയിന്റാണ് കാനറിപടക്കുള്ളത്, അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ബ്രസീലിന് അതിനിര്‍ണായകമായിരിക്കും.
സെപ്റ്റംബര്‍ ഏഴിന് ഇക്വഡോറിനെതിരെയും സെപ്റ്റംബര്‍ 11ന് പരാഗ്വക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങള്‍. 2026 ലോകകപ്പിനായുള്ള ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കണമെങ്കില്‍ ബ്രസീലിന് മികച്ച പ്രകടനങ്ങള്‍ തന്നെ നടത്തേണ്ടി വരും.