നെയ്മറും സൂപ്പർ താരങ്ങളുമില്ല, റൊണാൾഡോയുടെ 20 വർഷത്തെ റെക്കോഡ് തകർത്തെറിഞ്ഞവൻ ടീമിൽ; കോപ്പക്കൊരുങ്ങി ബ്രസീൽ
Football
നെയ്മറും സൂപ്പർ താരങ്ങളുമില്ല, റൊണാൾഡോയുടെ 20 വർഷത്തെ റെക്കോഡ് തകർത്തെറിഞ്ഞവൻ ടീമിൽ; കോപ്പക്കൊരുങ്ങി ബ്രസീൽ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 10:21 am

വരാനിരിക്കുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീലിയന്‍ പരിശീലകന്‍ ഡോറില്‍ ജൂനിയറാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

സൂപ്പര്‍ താരങ്ങളായ റിച്ചാര്‍ഡ്‌ലിസണ്‍, നെയ്മര്‍, കാസിമിറോ, ഗബ്രിയേല്‍ ജീസസ് തുടങ്ങിയ താരങ്ങള്‍ക്ക് ബ്രസീലിയന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം റിച്ചാര്‍ലിസണ് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വായ്ക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ അടുത്ത ഒമ്പത് മാസം വരെ ഫുട്ബോളില്‍ നിന്നും താരം പുറത്താവുകയായിരുന്നു.

അടുത്ത സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേരാന്‍ ഒരുങ്ങുന്ന പാല്‍മിറാസ് യുവതാരം എന്‍ട്രിക് ബ്രസീലിയന്‍ ടീമില്‍ ഇടം നേടിയത് ഏറെ ശ്രദ്ധേയമായി. ഇംഗ്ലണ്ടിനെതിരെയും സ്‌പെയിനിനെതിരെയും ഉള്ള സൗഹൃദമത്സരത്തില്‍ എന്‍ഡ്രിക് ഗോള്‍ നേടിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയതിനു പിന്നാലെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും എന്‍ഡ്രിക്കിന് സാധിച്ചിരുന്നു. ബ്രസീലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് എന്‍ഡ്രിക് സ്വന്തമാക്കിയത്. തന്റെ പതിനേഴാം വയസിലാണ് ബ്രസീല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് റൊണാള്‍ഡോ ആയിരുന്നു. 1994ലായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചരിത്രനേട്ടം തകര്‍ക്കപ്പെട്ടത്.

ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. അതേസമയം സ്പാനിഷ് ടീമിനെതിരെ 3-3 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ചെയ്തു. യുവതാരത്തിന്റെ കടന്നുവരവോടുകൂടി ബ്രസീലിന്റെ മുന്നേറ്റനില കൂടുതല്‍ കരുത്തുറ്റതായി മാറും എന്നുറപ്പാണ്.

എന്‍ട്രിക്കിനൊപ്പം മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ റയല്‍മാന്‍ഡ്രഡ് മുന്നേറ്റ നിരയിലെ സൂപ്പര്‍താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ടീമില്‍ ഇടം പിടിച്ചു.

2019ന് ശേഷം കോപ്പ അമേരിക്ക കിരീടം സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ആയിരിക്കും ബ്രസീല്‍ ലക്ഷ്യമിടുക. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഉള്ളത്. ബ്രസീലിനൊപ്പം കൊളംബിയ, പരാഗ്വ, കോസ്റ്റാറിക്ക എന്നീ ടീമുകളും ആണ് ഉള്ളത്.

ജൂണ്‍ 25ന് കോസ്റ്റാറിക്കക്കെതിരെയാണ് ബ്രസീലിന്റെ ആദ്യം മത്സരം. ഈ ടൂര്‍ണമെന്റിനു മുന്നോടിയായി ജൂണ്‍ 9ന് മെക്‌സിക്കോക്കെതിരെയും ജൂണ്‍ 13 യു.എസ്‌.എക്കെതിരെയും ബ്രസീല്‍ പരിശീലനം മത്സരം കളിക്കും.

 

2024 കോപ്പ അമേരിക്ക ബ്രസീല്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, ബെന്റോ, എഡേഴ്‌സണ്‍

ഡിഫന്‍ഡര്‍മാര്‍: ബെറാള്‍ഡോ, എഡര്‍ മിലിറ്റാവോ, ഗബ്രിയേല്‍ മഗല്‍ഹെസ്, മാര്‍ക്വിനോസ്, ഡാനിലോ, യാന്‍ കൂട്ടോ, ഗില്‍ഹെര്‍ം അരാന, വെന്‍ഡല്‍

മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രിയാസ് പെരേര, ബ്രൂണോ ഗ്വിമാരേസ്, ഡഗ്ലസ് ലൂയിസ്, ജോവോ ഗോമസ്, ലൂക്കാസ് പാക്വെറ്റ

ഫോര്‍വേഡുകള്‍: എന്‍ട്രിക്ക്, ഇവാനില്‍സണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റാഫിഞൊ, റോഡ്രിഗോ, സാവിഞ്ഞോ, വിനീഷ്യസ് ജൂനിയര്‍.

Content Highlight: Brazil announce the squad for Copa America 2024