| Wednesday, 12th April 2023, 7:18 pm

പേടിച്ചോടി ബ്രാവോ, പിന്നാലെ അവതാരകനെ തല്ലാനോങ്ങി; ഇങ്ങനെ പേടിക്കാതെടാ എന്ന് ധോണി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. നിലവില്‍ മൂന്ന് മത്സരം കളിച്ച ചെന്നൈ രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

പ്രാക്ടീസും നെറ്റ് സെഷനുകളും തന്ത്രങ്ങളുമായി സൂപ്പര്‍ കിങ്‌സ് വിജയം മാത്രം ലക്ഷ്യമിട്ടാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. പ്രാക്ടീസിന്റെയും നെറ്റ് സെഷനുകളുടെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ടീം പങ്കുവെക്കാറുമുണ്ട്.

ഇതുമാത്രമല്ല, സൂപ്പര്‍ കിങ്‌സ് ഡ്രസിങ് റൂമിലെ കാഴ്ചകളും താരങ്ങളുടെ ഫണ്‍ ആക്ടിവിറ്റികളും സൂപ്പര്‍ കിങ്‌സ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ടീം പങ്കുവെച്ച ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് കോച്ചായ ബ്രാവോയെ പ്രാങ്ക് ചെയ്യുന്ന വീഡിയോ ആണിത്. ഒരു വേദിയില്‍ അവതാരകന്‍ ധോണിയുടെ പക്കല്‍ ഒരു ബലൂണ്‍ വീര്‍പ്പിച്ചു നല്‍കി കണ്ണടച്ചിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ധോണിയുടെ തൊട്ടടുത്തിരുന്ന ബ്രാവോ ഇതെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ പെട്ടെന്ന് ബലൂണ്‍ പൊട്ടുകയായിരുന്നു. അപതീക്ഷിതമായ സംഭവത്തിന് പിന്നാലെ ബ്രാവോ ഞെട്ടുകയും വേദിയില്‍ നിന്നും ഇറങ്ങി ഓടുകയുമായിരുന്നു. ഇതുകണ്ട സദസിലുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പിന്നാലെ സദസിലേക്ക് കയറി വന്ന ബ്രാവോ അവതാരകനെ തമാശപൂര്‍വം അടിക്കാനോങ്ങിയിരുന്നു. എല്ലാം കണ്ട ധോണിയാകട്ടെ ഇങ്ങനെ പേടിച്ചാലോ എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അതേസമയം, ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം അല്‍പസമയത്തിനകം ചെപ്പോക്കില്‍ ആരംഭിക്കും. ചെന്നൈ സൂപ്പര്‍ കിങ്സ് – രാജസ്ഥാന്‍ റോയല്‍സ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണുള്ളത്. 750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപക്ക് വരെ വിറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് ടേബിളില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സാധിക്കും. നിലവില്‍ മൂന്ന് മത്സരം കളിച്ച് രണ്ട് വിജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സൂപ്പര്‍ കിങ്സ്.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സിനും നാല് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് പിങ്ക് സിറ്റി. ചെപ്പോക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ രാജസ്ഥാനാകും.

Content highlight: Bravo got pranked

We use cookies to give you the best possible experience. Learn more