ചെന്നൈ സൂപ്പര് കിങ്‌സിന്റെ മത്സരം നടക്കുമ്പോഴെല്ലാം തന്നെ സൂപ്പര് താരം രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീഴാനാണ് ചെന്നൈ ആരാധകര് പ്രാര്ത്ഥിക്കുന്നത്. ജഡേജക്ക് ശേഷമാണ് ധോണി ബാറ്റിങ്ങിനിറങ്ങുന്നത് എന്നതുതന്നെയാണ് ഇതിന് കാരണം. എം.എസ്. ധോണി ബാറ്റിങ്ങിനിറങ്ങുന്നത് കാണാന് വേണ്ടി മാത്രമാണ് ആരാധകര് സ്‌റ്റേഡിയത്തിലെത്തുന്നത്.
എന്നാല് പലപ്പോഴും അവര്ക്ക് ധോണി കളത്തിലിറങ്ങുന്നത് കാണാന് സാധിക്കാറില്ല. ഒന്നുരണ്ട് മത്സരങ്ങലിലെ കാമിയോ പ്രകടനങ്ങള് ഒഴിവാക്കിക്കഴിഞ്ഞാല് കളത്തിലിറങ്ങിയാല് തന്നെ ഒന്നോ രണ്ടോ പന്ത് മാത്രമാണ് ധോണിക്ക് ലഭിക്കാറുള്ളത്.
ചെന്നൈ സൂപ്പര് കിങ്‌സിന് എല്ലാ മത്സരവും വിജയിക്കണമെങ്കില് ധോണി ബാറ്റിങ് ഓര്ഡറില് സ്വയം പ്രൊമോട്ട് ചെയ്യണമെന്ന് ക്രിക്കറ്റ് അനലിസ്റ്റുകളും ആരാധകരും ആവര്ത്തിച്ച് ആവശ്യപ്പെടാറുണ്ടെങ്കിലും ധോണി സീസണില് ഒരിക്കല് പോലും അതിന് തയ്യാറായിട്ടില്ല.
എന്തുകൊണ്ടാണ് ധോണി ബാറ്റിങ് ഓര്ഡറില് സ്വയം പ്രൊമോട്ട് ചെയ്യാത്തതെന്ന കാര്യം പറയുകയാണ് ചെന്നൈ സൂപ്പര് കിങ്‌സ് ഇതിഹാസവും ടീമിന്റെ ബൗളിങ് കോച്ചുമായ ഡ്വെയ്ന് ബ്രാവോ.
യുവതാരങ്ങള്ക്ക് ആവശ്യത്തിന് അവസരം ലഭിക്കാന് വേണ്ടിയാണ് ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങാത്തതെന്നാണ് അദ്ദേഹം പറയുന്നത്.
‘അതാണ് അദ്ദേഹം ബാറ്റ് ചെയ്യേണ്ട പൊസിഷന്. എല്ലാവരും അദ്ദേഹത്തേക്കാള് മുമ്പേയാണ് ബാറ്റ് ചെയ്യുന്നത്. ജഡേജ, റായിഡു, ദുബെ എന്നിവരെ പോലുള്ള താരങ്ങള്ക്ക് കൂടുതല് അവസരങ്ങള് നല്കുന്നതിനായാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതിനായി ലോവര് ഓര്ഡറില് ബാറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണ്. ഫിനിഷറുടെ റോളില് കളിക്കുന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു,’ ബ്രാവോ പറഞ്ഞു.
രാജസ്ഥാന് റോയല്സിനെതിരായ കഴിഞ്ഞ മത്സരത്തില് ഒറ്റ പന്ത് പോലും നേരിടാന് ധോണിക്ക് സാധിച്ചിരുന്നില്ല. ജഡേജക്ക് ശേഷം ഏഴാം നമ്പറില് ഇറങ്ങാനായിരുന്നു താരത്തിന്റെ പദ്ധതി.