| Sunday, 8th September 2024, 11:16 am

ഓസ്‌ട്രേലിയയെ അടിച്ചു തകർത്തവന് ചരിത്രനേട്ടം: വിരാട് ഒറ്റക്ക് വാഴുന്ന ലിസ്റ്റിലേക്ക് ഒരു മാസ് എന്‍ട്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-സ്‌കോട്‌ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി കങ്കാരുപ്പട. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഗ്രഞ്ച് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 23 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്‌കോട് ലാന്‍ഡ് താരം ബ്രണ്ടന്‍ മക്മുള്ളന്‍ നടത്തിയത്. 39 പന്തില്‍ 56 റണ്‍സ് നേടിയാണ് മക്മുള്ളന്‍ തിളങ്ങിയത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം അര്‍ധസെഞ്ച്വറി നേടിയിരുന്നു. നാല് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 42 പന്തില്‍ 59 റണ്‍സാണ് ബ്രെണ്ടന്‍ നേടിയത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലും ഓസ്‌ട്രേലിയക്കെതിരെ താരം ഫിഫ്റ്റി നേടിയിരുന്നു. 34 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. രണ്ട് ഫോറുകളും ആറ് സിക്‌സുമാണ് താരം നേടിയത്.

ഈ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്‌കോട്‌ലാന്‍ഡ് താരം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ ഇയറില്‍ ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമെന്ന് നേട്ടത്തിലേക്കാണ് ബ്രണ്ടന്‍ കാലെടുത്തുവെച്ചത്. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയാണ്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20യില്‍ നാല് ഫിഫ്റ്റിയാണ് കോഹ്‌ലി നേടിയത്.

അതേസമയം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കാമറൂണ്‍ ഗ്രീന്‍ 39 പന്തില്‍ 62 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 23 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Brandon McMullen Great Performance Against Australia in T20

We use cookies to give you the best possible experience. Learn more