ന്യൂദല്‍ഹി: നോയിഡയില്‍ ആഢംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തിനു മുന്നില്‍ പ്രതിഷേധിച്ച വീട്ടുജോലിക്കാരികളെയും കുടുംബത്തെയും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം. തങ്ങളുടെയും കുടുംബത്തിന്റെയും ഐഡന്റിറ്റി രേഖകള്‍ അധികൃതര്‍ക്കു മുമ്പില്‍ നിരത്തി സ്ത്രീകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട സഹജീവനക്കാരിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചതിലും തടവിലാക്കിയതിലും പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം ഹൈ-റൈസ് അപ്പാര്‍ട്ട്മെന്റ് സമുച്ചയിത്തിനു മുമ്പില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഇതേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ ജോലി ചെയ്യുന്ന 150 ഓളം സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Must Read: നാഗ്പൂരില്‍ ബീഫിന്റെ പേരില്‍ മര്‍ദ്ദനം നേരിട്ടത് ബി.ജെ.പി നേതാവിനു തന്നെ
സൊഹ്‌റ ബിബി എന്ന സ്ത്രീയെ കാണാനില്ലെന്നു പറഞ്ഞായിരുന്നു ചൊവ്വാഴ്ച സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ചയോടെ കോംപ്ലെക്‌സില്‍ നിന്നും പുറത്തുവന്ന സൊഹ്‌റ ബിബി പറഞ്ഞത് താന്‍ ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ തന്നെ ഒരു രാത്രി മുഴുവന്‍ പൂട്ടിയിട്ടു എന്നാണ്.
ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീട്ടുജോലിക്കാരായ സ്ത്രീകള്‍ പ്രതിഷേധവുമായി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ ഗേറ്റിനുമുമ്പില്‍ തടിച്ചുകൂടിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
ബുധനാഴ്ച രാത്രിയോടെ ഇവര്‍ താമസിക്കുന്ന ചേരികള്‍ റെയ്ഡ് ചെയ്ത പൊലീസ് അവിടങ്ങളിലെ പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. ” ഇത്തരമൊരു പൊലീസ് നടപടി ജീവിതത്തിലിന്നുവരെ ഞങ്ങള്‍ കണ്ടിട്ടില്ല.” എന്നാണ് ഇവിടെ ജീവിക്കുന്ന ജൈനുള്‍ എന്ന തൊഴിലാളി പറഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ എല്ലാവരും ചേരിനിവാസികളാണ്. അതേസമയം കൂലി കൂടുതല്‍ ചോദിച്ച സൊഹ്‌റ ബിബിയെ പൂട്ടിയിട്ട തൊഴില്‍ദാതാക്കള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
മര്‍ച്ചന്റ് നേവി എഞ്ചിനിയറും ഭാര്യയുമാണ് തന്നെ പീഡിപ്പിച്ചതെന്നാണ് സൊഹ്‌റ ബിബി പറയുന്നത്. ഇവര്‍ക്കെതിരെ സ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം നടന്നത്. ഇതോടെ സ്വന്തം ഐഡന്റിറ്റി തെളിയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണിവര്‍.
” എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു തൊഴില്‍ദാതാവും എന്ന തമാശയ്ക്കുപോലും ബംഗ്ലാദേശിയെന്നു വിളിച്ചിട്ടില്ല.” 12വര്‍ഷമായി വീട്ടുജോലികള്‍ ചെയ്യുന്ന രുപാലി ബിബി പറയുന്നു. “ഇപ്പോള്‍ പെട്ടെന്ന് എന്തു സംഭവിച്ചുവെന്നതാണ് മനസിലാവാത്തത്.” അവര്‍ പറയുന്നു.
“ആ വലിയ സമുച്ചയത്തില്‍ ജീവിക്കുന്നവരെപ്പോലെ തന്നെ ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങള്‍ ഇക്കാര്യം തെളിയിക്കേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും കരുതിയില്ല.” നോയിഡ പൊലീസ് സ്റ്റേഷനുമുമ്പില്‍ ഐഡന്റിറ്റി തെളിയിക്കാന്‍ രേഖകളുമായി ക്യൂ നിന്ന അബിദ ബിബി പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.