ഭ്രമയുഗം; കുഞ്ചമന്‍ പോറ്റിക്കൊപ്പം പകിട കളിക്കുന്ന തേവന്‍; അര്‍ജുന്‍ അശോകന്റെ അസാമാന്യ പ്രകടനം
Film News
ഭ്രമയുഗം; കുഞ്ചമന്‍ പോറ്റിക്കൊപ്പം പകിട കളിക്കുന്ന തേവന്‍; അര്‍ജുന്‍ അശോകന്റെ അസാമാന്യ പ്രകടനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 1:28 pm

മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നെഗറ്റീവ് ഷേഡിലെത്തുന്ന ചിത്രമാണ് ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. രാഹുല്‍ സദാശിവന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. പിന്നീട് ഭ്രമയുഗത്തിന്റെ ഓരോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററുകളായി പുറത്ത് വന്നതോടെ ഈ പ്രതീക്ഷ വര്‍ധിച്ചു.

പുതിയ പരീക്ഷണ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുന്ന മഹാനടന്റെ അഭിനയം എത്രത്തോളം മികച്ചതാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അതുറപ്പിക്കുന്ന തരത്തിലായിരുന്നു ട്രെയ്ലറിലെ മമ്മൂട്ടിയുടെ പ്രകടനവും.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്ലര്‍ കണ്ടവര്‍ മമ്മൂട്ടിയെ മാത്രമാകില്ല ശ്രദ്ധിച്ചത്. അര്‍ജുന്‍ അശോകനും അദ്ദേഹത്തിനൊപ്പം ആ ട്രെയ്‌ലറില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. രണ്ട് മിനിട്ടും 38 സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ആ ട്രെയ്‌ലറില്‍ തന്റെ അഭിനയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അര്‍ജുന് സാധിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാകും ഭ്രമയുഗം എന്നുറപ്പിക്കാം.

വ്യത്യസ്തമായ കാലഘട്ടത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ തേവന്‍ എന്ന ആള്‍ ഒരു നിഗൂഢമായ സ്ഥലത്ത് കുടുങ്ങിപ്പോകുന്നതിന്റെ കഥയാണ് ഭ്രമയുഗം പറയുന്നത്. ഇതില്‍ തേവന്‍ എന്ന കഥാപാത്രമാകുന്നത് അര്‍ജുന്‍ അശോകനാണ്.

ഭ്രമയുഗം ഒരുപക്ഷെ അര്‍ജുന്‍ അശോകന്റെ മാത്രമല്ല സിദ്ധാര്‍ത്ഥ് ഭരതന്റെയും കരിയറിലെ മികച്ച പ്രകടനങ്ങള്‍ വരച്ചു കാട്ടുന്ന ചിത്രമാകുമെന്ന് ട്രെയ്‌ലറില്‍ നിന്ന് മനസിലാക്കാം.

അര്‍ജുന്റെ കഥാപാത്രം ദുരൂഹമായ സ്ഥലത്ത് എത്തുന്നതും അയാള്‍ക്കും സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിനും മുന്നില്‍ കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടിയുടെ കഥാപാത്രമെത്തുന്നതും ട്രെയ്‌ലറില്‍ കാണാം. പിന്നീട് അങ്ങോട്ട് കുഞ്ചമന്‍ പോറ്റിയുടെയും തേവന്റെയും അത്യുഗ്രന്‍ പ്രകടനമായിരുന്നു.

ഫെബ്രുവരി 15ന് ഭ്രമയുഗം തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതും ഇരുവരുടെയും ഈ മികച്ച പ്രകടനമാകും.

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ക്രിസ്റ്റോ സേവിയറാണ് സംഗീതം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് എല്ലാ ഭാഷയിലും കുഞ്ചമന്‍ പോറ്റിക്ക് ശബ്ദം നല്‍കുന്നത്.


Content Highlight: Bramayugam; Thevan playing dice with Kunjamon Potti; Amazing performance by Arjun Ashokan