തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഭ്രമയുഗം. സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ നിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നതെന്ന സൂചനകളാണ് പോസ്റ്ററുകളും ടീസറും തന്നത്.
ചിത്രം ഫെബ്രുവരി 15ന് റിലീസാകുമെന്ന് അറിയിച്ചു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്കും റിലീസായി. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ക്രിസ്റ്റോ സേവിയറാണ് സംഗീതം. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും.
Content Highlight: Bramayugam release date announced