| Tuesday, 13th February 2024, 3:30 pm

ഭ്രമയുഗത്തില്‍ ഇനി കുഞ്ചമണ്‍ പോറ്റിയില്ല, മമ്മൂട്ടിയുടെ പേര് മാറ്റി നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഭ്രമയുഗത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹരജിയില്‍ പ്രതികരിച്ച് സിനിമയുടെ നിര്‍മാതാക്കള്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. കുഞ്ചമണ്‍ പോറ്റിയെന്ന പേരിനെതിരെ കോട്ടയത്തെ പഞ്ചമണ്‍ ഇല്ലക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ മമ്മൂട്ടി കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത. പഞ്ചമണ്‍ പോറ്റി എന്നത് തങ്ങളുടെ സ്ഥാനപ്പേരാണെന്നും ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ദുര്‍മന്ത്രവാദം ചെയ്യുന്നതായി കാണിക്കുന്നത് തങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ സംവിധായകനോ തങ്ങളുടെ ഇല്ലപ്പേര് സിനിമയില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടിയെപ്പോലൊരു നടന്‍ ചെയ്യുന്ന കഥാപാത്രം സമൂഹത്തില്‍ ഒരുപാടുപേരെ സ്വാധീനിക്കുമെന്നും, ഇത് ഞങ്ങളുടെ കുടുംബത്തിനെ മനപൂര്‍വം താറടിക്കുമോയെന്നും, തറവാടിനെ മാനം കെടുത്തുമോയെന്ന് ഭയപ്പെടുന്നുവെന്നും ഹരജിക്കാര്‍ പറയുന്നു. സിനിമയില്‍ കുടുംബത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പഞ്ചമണ്‍ ഇല്ലക്കാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പാരമ്പര്യമായി മന്ത്രവാദം ചെയ്യുന്നവരാണ് ഇവര്‍. ഈ പേരാണ് ഭ്രമയുഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഹരജിക്കാര്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിലെ ഹിറ്റ് എഫ്.എം 96.7ന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ കുഞ്ചമണ്‍ പോറ്റിക്ക് ഐതിഹ്യമാലയുമായി ബന്ധമില്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് കുഞ്ചമണ്‍ പോറ്റി എന്ന പേര് മാറ്റി പകരം കൊടുമോണ്‍ പോറ്റി എന്നാക്കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.

Content Highlight: Bramayugam producers agreed to change the name of Mammootty’s caharacter

We use cookies to give you the best possible experience. Learn more