| Monday, 5th February 2024, 5:13 pm

ഭ്രമയുഗത്തിന്റെ ബഡ്ജറ്റ് എത്ര? വെളിപ്പെടുത്തി നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും വ്യത്യസ്തത നിറഞ്ഞതായിരുന്നു. ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ഴോണറില്‍ പെടുന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും പുറത്തിറങ്ങിയ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ബഡ്ജറ്റ് എത്രയാണെന്നുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ നിര്‍മാതാവ് തന്നെ ബഡ്ജറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്റര്‍ എക്‌സിലെ ഹേയ് ഒപ്പിനിയന്‍സ് എന്ന പേജില്‍ സിനിമയുടെ ബഡ്ജറ്റ് 25 കോടിയാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് മറുപടിയായാണ് യഥാര്‍ത്ഥ ബഡ്ജറ്റ് നിര്‍മാതാവ് വെളിപ്പെടുത്തിയത്. 25 കോടിയല്ല, 27.73 കോടി+ പബ്ലിസിറ്റി ചെലവ് എന്നു പറഞ്ഞാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്രന്‍ മറുപടി നല്‍കിയത്.

ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ക്രിസ്റ്റോ സേവിയറാണ് സംഗീതസംവിധാനം. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുന്നത്. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Bramayugam producer reveals exact budget of Bramayugam movie

We use cookies to give you the best possible experience. Learn more