ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ കൂടിയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ആദ്യദിനം തൊട്ട് മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീര പ്രതികരണം നേടി. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയായി ഭ്രമയുഗം മാറി.
ബോക്‌സ് ഓഫീസിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ഓ.ടി.ടി റിലീസിന് തയാറെടുക്കുകയാണ് ചിത്രം. സോണിലിവാണ് ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് വാങ്ങിയത്. റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 15ന് ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യും.
‘നിഗൂഢതയും ഭീതിയും നിറഞ്ഞ,ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാസ്റ്റര്‍പീസായ മമ്മൂട്ടി അഭിനയിക്കുന്ന ഭ്രമയുഗം ! ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവത്തിനായി തയ്യാറാകൂ. മാര്‍ച്ച് 15 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു’ എന്ന ക്യാപ്ഷനോടെയാണ് സോണിലിവ് ഔദ്യോഗിക എക്‌സ് പേജില്‍ ഷെയര്‍ ചെയ്തത്. പോറ്റിക്കും ചാത്തമും സോണി ലിവിലേക്ക് സ്വാഗതം എന്ന് പറയുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. കൊടുമണ്‍ പോറ്റിയെന്ന നിഗൂഢ കഥാപാത്രത്തെ മുന്‍ സിനിമകളിലെ യാതൊരു ഷെയ്ഡുമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ അഭിനയപാടവത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചു. ചിത്രത്തിന്റെ മെയ്ക്കിങിനെയും നിരവധിപ്പേര്‍ പ്രശംസിച്ചു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഹൊററാണ് സിനിമയിലുള്ളത്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും ആദ്യാവസാനം ചിത്രത്തിലുണ്ട്. ഒറ്റ ലൊക്കേഷനില്‍ മൂന്ന് കഥാപാത്രങ്ങലെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് സിനിമ ചെയ്ത രാഹുലിന്റെ സംവിധാന പാടവവും അഭിനന്ദനം നേടി.
മണികണ്ഠന്‍ ആചാരി, അമാല്‍ഡാ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും, വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Bramayugam OTT release date out