Entertainment
'പോറ്റിക്ക് റൊമാന്‍സും വശമുണ്ടോ'...ഭ്രമയുഗം പുതിയ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 07:14 am
Wednesday, 14th February 2024, 12:44 pm

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ഓരോ അപ്ഡേറ്റും പുതുമ നിറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയും അമാല്‍ഡ ലിസും മുഖാമുഖം നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്നത് ഹൊറര്‍ ഷേഡുള്ള പോസ്റ്ററാണെങ്കില്‍ ഇപ്പോള്‍ വന്ന പോസ്റ്റര്‍ സ്വല്പം റൊമാന്റിക് ഷേഡുള്ള ഒന്നാണ്. വേഷപ്പകര്‍ച്ച കൊണ്ടും, വൈകാരികഭാവങ്ങള്‍ കൊണ്ടും എന്നും മലയാളികളെ അമ്പരപ്പിച്ച നടന്‍ മമ്മൂട്ടി ഈ സിനിമയിലും പ്രേക്ഷകരെ ഞെട്ടിക്കും എന്ന് ഈ പോസ്റ്റര്‍ അടിവരയിടുന്നു.

May be an image of 2 people and text

ചിത്രത്തിന്റെ ട്രെയ്‌ലറിലും ടീസറിലും പോസ്റ്ററുകളിലും നിഗൂഢത നിറഞ്ഞ ഭാവവുമായി വരുന്ന മമ്മൂട്ടിയുടെ പുതിയ ഭാവപ്പകര്‍ച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായ കുഞ്ചമണ്‍ പോറ്റി എന്നത് കോട്ടയത്തെ പഞ്ചമണ്‍ ഇല്ലക്കാര്‍ കൊടുത്ത പരാതിയെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ മാറ്റിയിരുന്നു. കൊടുമണ്‍ പോറ്റി എന്നാണ് കഥാപാത്രത്തിന്റെ പുതിയ പേര്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Bramayugam new poster out