ഭ്രമയുഗം; ഡയലോഗുകളില്‍ തൂക്കിയിട്ട സമകാലികത!
Opinion
ഭ്രമയുഗം; ഡയലോഗുകളില്‍ തൂക്കിയിട്ട സമകാലികത!
കെ.പി റഷീദ്
Friday, 16th February 2024, 4:13 pm

മയന്റെ കൊട്ടാരം പോലെ സ്ഥലജല വിഭ്രാന്തിയിലേക്ക് പ്രേക്ഷകരെ തള്ളിയിടുന്ന ചില കണ്‍കെട്ടുകള്‍. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ‘ഭ്രമയുഗം’ ബാക്കിവെച്ചത് ഈ കണ്‍കെട്ടുകളെ കുറിച്ചുള്ള ആലോചനകളാണ്.

ഒന്നാലോചിച്ചാല്‍ സാധാരണ മട്ടിലുള്ള ഒരു മാന്ത്രികകഥ അഥവാ പ്രേതകഥ. വേണമെങ്കില്‍ ഐതിഹ്യമാലയിലെ കഥകളുമായൊക്കെ ചാര്‍ച്ച ആലോചിക്കാവുന്നത്ര പരിചിതമായ ഒരു പ്ലോട്ട്.

അതിനെ വൃത്തിക്ക് സിനിമയാക്കിയാല്‍ നല്ലൊരു ഹൊറര്‍ സിനിമയോ മാന്ത്രിക സിനിമയോ ആയി മാറും. അതിനപ്പുറം പോവണമെങ്കില്‍ പിന്നെയുള്ള വഴി അതിനെ സമകാലികമാക്കലാണ്.

മൂന്ന് നൂറ്റാണ്ട് മുമ്പുള്ള കഥയെ നാം ജീവിക്കുന്ന കാലവുമായും നമ്മുടെ ചിന്താലോകവുമായും ചേര്‍ത്ത് കെട്ടല്‍. സമകാലികതയിലേക്ക് തുറക്കുന്ന ചില അടയാളവാക്യങ്ങള്‍, കീവേഡ്‌സ് എന്നിവ കൃത്യസ്ഥലങ്ങളില്‍ ഘടിപ്പിച്ചുവെക്കല്‍. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ കുറിച്ച് നാം കൊണ്ടുനടക്കുന്ന ബോധ്യങ്ങളൊക്കെയായി കണക്റ്റ് ചെയ്യാന്‍ പറ്റുന്ന ഡയലോഗുകളോ കഥാസന്ദര്‍ഭങ്ങളോ ഏച്ചുവെക്കല്‍. ഇങ്ങനെയൊരു ബോധപൂര്‍വ്വമായ ശ്രമം പ്രകടമായി ഫീല്‍ ചെയ്താണ് ഭ്രമയുഗം കണ്ടിറങ്ങിയത്.

ബുദ്ധിമാനായ/ബുദ്ധിമതിയായ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം രാഷ്ട്രീയ വായനയെങ്കില്‍ അങ്ങനെ, അത് പോസ്റ്റ് കൊളോണിയല്‍ വായനയെങ്കില്‍ അങ്ങനെ, കമ്പം ഫാഷിസ്റ്റ് വിരുദ്ധവായനയെങ്കില്‍ അത്, മുത്തശ്ശിക്കഥയുടെ സമകാല ആംഗിള്‍ എങ്കില്‍ അത്, ബ്രാഹ്‌മണിക്കല്‍, വരേണ്യ, കീഴാള ആംഗിളുകള്‍ എങ്കില്‍ അങ്ങനെ..ഇങ്ങനെ പല വഴിക്ക് പോകാവുന്ന ചൂണ്ടക്കൊളുത്തുകള്‍ ഡയലോഗുകളായി കഥാപാത്രങ്ങളുടെ വായില്‍ തിരുകിക്കൊടുത്തത് പോലെ തോന്നി.

ആദ്യ ഷോ കണ്ടിറങ്ങിയ സുഹൃത്തുക്കള്‍ പലരും ആ ചൂണ്ടകള്‍ വിഴുങ്ങി ഈ സിനിമയെ പലനിലയ്ക്ക് സമകാലികമായി വായിക്കാന്‍ പെടാപ്പാട് പെടുന്നത് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ മീഡിയയിലും കണ്ടതോട് കൂടി സംഗതി ഏറ്റെന്ന് തന്നെ മനസ്സിലായി.

സിനിമാറ്റിക് സാധ്യതകള്‍ ഉപയോഗിക്കാനാവും വിധം ഭംഗിയായി തയ്യാറാക്കപ്പെട്ട ഒരു കഥ, വിപണിയുമായോ നിരൂപണ സാധ്യതകളുമായോ കണ്ണിചേര്‍ക്കപ്പെട്ട്, അന്തിമ തിരക്കഥയായി മാറുന്ന ഘട്ടത്തില്‍ കൂട്ടിചേര്‍ക്കപ്പെടുകയോ കൊരുത്തുവെക്കപ്പെടുകയോ ചെയ്ത കൃത്രിമത്വം ചുവക്കുന്ന തോരണങ്ങളാണ് സിനിമാക്കാഴ്ചയെ സ്ഥലജലവിഭ്രമങ്ങളുടെ മായക്കാഴ്ചയായി, ഉപരിപ്ലവമായി മാറ്റിപ്പണിതത് എന്നാണ് എന്റെ കാഴ്ചാനുഭവം.

പേരില്‍ തുടങ്ങുന്നു ആ കണ്‍കെട്ട്. ഭ്രമയുഗം. കലിയുഗത്തിന്റെ അപഭ്രംശമായാണ് ആ തിയറിയെയും പേരിനെയും സിനിമ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഡയലോഗുകളില്‍ ഒട്ടിച്ചുവെച്ച സമകാലികതയുടെ വഴികാട്ടിപ്പലകകള്‍ക്കപ്പുറം, അത്തരമൊരു തിയറിയെ മണ്ണിലുറപ്പിച്ച് വെക്കാന്‍ തിരക്കഥയ്ക്കാവുന്നില്ല.

ഏത് പഴങ്കഥയെയും സമകാലികമാക്കാനും പുതുകാലത്തിലേക്ക് കൊളുത്തിവെക്കാനും സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു സൂത്രവിദ്യ എന്നതിനപ്പുറം പ്രേക്ഷകര്‍ക്കും വായനകള്‍ക്കും മറുവഴികളും അപരവഴികളും കാട്ടിക്കൊടുക്കുക എന്ന ധര്‍മ്മം നിര്‍വഹിക്കാന്‍ ഈ ഒട്ടിപ്പോ സൂത്രങ്ങള്‍ സഹായകമായത് അങ്ങനെയാണ്.

കലിയുഗത്തിന്റെ അപഭ്രംശമായി ഈ സിനിമ വായിക്കപ്പെടുമ്പോള്‍ നമ്മുടെ മുന്നില്‍ തുറുകണ്ണും കാണിച്ചു നില്‍ക്കുന്ന സമഗ്രാധികാരത്തിന്റെ പലമാതിരി കോലങ്ങളെ അതിലേക്ക് ഒട്ടിച്ചുവെക്കുക എളുപ്പമാണ്. അത് തന്നെയാണ് പല വായനകളിലും കണ്ടതും.

അധികാരത്തെ കുറിച്ചുള്ള റഫറന്‍സുകളാണ് മറ്റൊരു പോയിന്റ്. ഇടയ്ക്കിടെ പുട്ടിനു പീരയിടുന്നത് പോലെ മനുഷ്യരും ചാത്തന്മാരുമെല്ലാം അധികാരത്തെ കുറിച്ചുള്ള പലമാതിരി സിദ്ധാന്തങ്ങള്‍ കാണാപ്പാഠം പറയുന്നുണ്ട്.

അപകടകാരിയായ ഒരു ചാത്തന്റെ പരകായപ്രവേശങ്ങളിലെ സഹജമായ ഉന്മാദങ്ങളെയോ ക്രൗര്യങ്ങളെയോ ഒക്കെയാണ് ഈ വഴി നടന്നു കൊണ്ട് നമ്മള്‍ അധികാരക്കളിയെക്കുറിച്ചുള്ള ദാര്‍ശനിക ഗീര്‍വാണങ്ങളായോ ഫാഷിസത്തെ കുറിച്ചുള്ള സൈദ്ധാന്തിക വ്യവഹാരങ്ങളായോ ഒക്കെ വായിക്കുന്നത് എന്ന് തോന്നുന്നു.

കഥ തയ്യാറാക്കിയ സംവിധായകന്‍ ഡയലോഗിനും തിരക്കഥയ്ക്കും കടുപ്പം കൂട്ടാന്‍ നടത്തിയ അവസാന ശ്രമമോ തിരക്കഥാ സഹായത്തിനെത്തിയ എഴുത്തുകാരന്‍ സിനിമയെ കാലികമാക്കാന്‍ ബോധപൂര്‍വ്വം ചെയ്ത ശ്രമമോ ആവാം ഇതിലേക്ക് എത്തിച്ചതെന്നാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നത്. അധികാരത്തെ കുറിച്ചുള്ള കനപ്പെട്ട ഈ ചൂണ്ടക്കൊളുത്തുകള്‍ക്ക് നിലനില്‍ക്കാനുള്ള നിലപാട് തറ ഉണ്ടാക്കിവെക്കാന്‍ കഴിയാത്തത് കൊണ്ടാവാം ഈ സമകാലികതയുടെ നിലനില്‍പ്പ് കുഴപ്പത്തിലാക്കിയത് എന്നും തോന്നുന്നു.

ഈ തോന്നലിനടിസ്ഥാനമായ മറ്റൊരു കാര്യം സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടതാണ്. കുഞ്ചമണ്‍ പോറ്റി അഥവാ പുഞ്ചമണ്‍ പോറ്റി എന്നായിരുന്നു നാലഞ്ച് ദിവസം മുമ്പ് വരെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ ആ കഥാപാത്രം കുടമണ്‍ പോറ്റി ആണ്. പേരു മാറിയതിനു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളു.

കുഞ്ചമണ്‍ പോറ്റി എന്ന പേര് തങ്ങള്‍ക്ക് മാനഹാനി ഉണ്ടാക്കുന്നതിനാല്‍ റിലീസിംഗ് തടയണം എന്നാവശ്യപ്പെട്ട് കോട്ടയത്തെ കുഞ്ചമണ്‍ കുടുംബം കോടതിയെ സമീപിച്ചു. തൊട്ടു പിന്നാലെ സിനിമാക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഇനി മുതല്‍ കുഞ്ചമണ്‍ പോറ്റിയല്ല കുടമന്‍ പോറ്റിയാണ് നമ്മുടെ കഥാപാത്രം. അടുത്ത നിമിഷം കൂളായി അവരാ പേരു മാറ്റി. ട്രെയിലറിലെ പേരൊക്കെ ഇതിനായി മായ്ച്ചു കളഞ്ഞു. കുടമണ്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ കുടമണ്‍ പിള്ളയെയാണ് നമുക്ക് ഓര്‍മ്മ വരിക.

എട്ടുവീട്ടില്‍ പിള്ളമാരിലെ പ്രബലനായ യുദ്ധപ്രഭു. എട്ടുവീട്ടില്‍ പിള്ളമാരെ രാജ്യദ്രോഹികളാക്കി ഉന്മൂലനം ചെയ്യുകയും കുട്ടികളെയും സ്ത്രീകളെയും അടക്കം ഇല്ലാതാക്കുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്ത സ്ഥിതിക്ക് ആരുമിനി കേസിനു പോവാന്‍ സാധ്യതയില്ല എന്ന ഉറപ്പ് മാത്രമാവും പേര് കുടമണ്‍ പോറ്റി ആയതിനു പിന്നില്‍! കാരണം എന്തായാലും ഒരൊറ്റ കേസ് കൊണ്ട് മുഖ്യ കഥാപാത്രത്തിന്റെ പേര് അനിക്‌സ്‌പ്രേ വെള്ളത്തില്‍ കലക്കിയത് പോലെയാക്കി കളഞ്ഞ ആ സിനിമാ മനസ്സിന്റെ എക്സ്റ്റന്‍ഷന്‍ തന്നെയാവും തിരക്കഥയിലും ഡയലോഗുകളിലും മുഴച്ചുനില്‍ക്കുന്ന ആദ്യം സൂചിപ്പിച്ച സമകാലികമാക്കാനുള്ള ചൂണ്ടക്കൊളുത്തുകള്‍….

വാല്‍ക്കഷണം:

മേല്‍പറഞ്ഞതെല്ലാം സിനിമാ വായനയെ കുറിച്ചും അതിനെ നിര്‍ണയിക്കുന്നതെന്ന് ഞാന്‍ കരുതുന്ന തിരക്കഥാ സൂത്രങ്ങളെയും കുറിച്ച് മാത്രമാണ്. സിനിമ അതിന്റെ മറ്റെല്ലാ ഘടകങ്ങളാലും ഗംഭീരമായിരുന്നു. മമ്മൂട്ടിയും അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥുമെല്ലാം അസാധാരണമായ പകര്‍ന്നാട്ടങ്ങളായിരുന്നു നടത്തിയത്.

‘ആരാ’ എന്താ,’എന്തിനാ എന്നറിയാത്ത സുന്ദരിയായ ആ യക്ഷിയും, തുപ്പാക്കിയും കൊണ്ട് അവസാനമെത്തി കൊളോണിയലിസത്തെ ഈ സിനിമയ്ക്ക് ഒറ്റുകൊടുത്ത പോര്‍ച്ചുഗീസുകാരും പോലും ഉജ്വല പെര്‍ഫോമന്‍സായിരുന്നു. ക്യാമറ, സൗണ്ട് ഡിസൈന്‍, എഡിറ്റ്, ബി.ജി.എം, കലാസംവിധാനം എന്നിങ്ങനെ ടെക്‌നിക്കലായ വശങ്ങളും ഈ സിനിമയെ എയ്തുതറപ്പിക്കുന്ന കാഴ്ചാനുഭവമായി മാറ്റാന്‍ നന്നായി പണിയെടുത്തിട്ടുണ്ട്.

Content Highlight: Bramayugam Movie Writeup by KP Rasheed

കെ.പി റഷീദ്
മാധ്യമപ്രവര്‍ത്തകന്‍