മാറാല കെട്ടിൽ ഭ്രമയുഗം; പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയ പോസ്റ്റർ
Film News
മാറാല കെട്ടിൽ ഭ്രമയുഗം; പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയ പോസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th February 2024, 11:52 am

മലയാള സിനിമയിൽ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.

ഏഴ് ദിവസങ്ങൾ മാത്രം ബാക്കി എന്ന ക്യാപ്ഷനോട് കൂടി ഒരു മാറാല പിടിച്ച വാതിലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഭ്രമയുഗം. ഏസ്തെറ്റിക് കുഞ്ഞമ്മ എന്ന ഡിസൈനിങ് ടീമാണ് ഭ്രമയുഗത്തിലെ ഓരോ പോസ്റ്ററുകളും ഡിസൈൻ ചെയ്യുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ക്രിസ്റ്റോ സേവിയറാണ് സംഗീതം. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും.

Content Highlight: Bramayugam movie’s new poster out