വർഷങ്ങൾക്ക് ശേഷം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഭ്രമയുഗം ഏത് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നതിൽ ഏറെ ചർച്ചയുണ്ടായിരുന്നു. ഒടുവിൽ ചിത്രം സോണി ലിവിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ചിത്രം റെക്കോർഡ് തുകക്കാണ് സോണി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 30 കോടി രൂപയ്ക്കാണ് ചിത്രം സോണി വാങ്ങിയതെന്നുമുള്ള പല റിപ്പോർട്ടുകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്.
17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.