| Thursday, 15th February 2024, 1:41 pm

വീണ്ടും വിസ്മയിപ്പിക്കുന്ന മമ്മൂട്ടി; പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച് അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥും; ഭ്രമയുഗം ആദ്യപ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.

മമ്മൂട്ടിയെന്ന അതികായനായ മഹാനടന്റെ അഭിനയ വിസ്മയമാണ് ഭ്രമയുഗമെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ ഒരേപോലെ അഭിപ്രായപ്പെടുന്നത്. ഇനിയും പരീക്ഷിച്ചു തീര്‍ന്നിട്ടില്ല നൂറ് ഭാവങ്ങള്‍ ആവാഹിച്ചെടുക്കുന്ന അഭിനയപാഠവം വിസ്മയിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അടയാളപ്പെടുത്തുമെന്നാണ് പ്രേക്ഷര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഭ്രമയുഗത്തിലെ ഓരോ രംഗത്തിലും അദ്ദേഹം കൊണ്ടുവരുന്ന ഭാവങ്ങള്‍ മറ്റൊരു സിനിമയിലും അദ്ദേഹം ഉപയോഗിച്ച് കണ്ടിട്ടില്ലാത്തതാണ്.

മമ്മൂട്ടിയോടൊപ്പം തന്നെ എടുത്തുപറയേണ്ട രണ്ട് പ്രധാന പെര്‍ഫോമന്‍സുകള്‍ അര്‍ജുന്‍ അശോകന്റേയും സിദ്ധാര്‍ത്ഥ് ഭരതന്റേതുമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായാണ് ഭ്രമയുഗം വിലയിരുത്തപ്പെടുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍ ഷോ സ്റ്റീലറായി മാറിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ ആര്‍ട്ട് വര്‍ക്കും ക്രിസ്റ്റോ സേവിയറിന്റെ സംഗീതവും ഷഹനാദ് ജലാലിന്റെ സിനിമാറ്റോഗ്രഫിയും സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Bramayugam Movie First response

We use cookies to give you the best possible experience. Learn more