| Wednesday, 2nd October 2024, 11:11 am

2024ലെ മികച്ച 10 ഹൊറര്‍ സിനിമകളുടെ ലിസ്റ്റില്‍ രണ്ടാമത് ഭ്രമയുഗം; 23ാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമയുഗം.

17ാം നൂറ്റാണ്ടിലെ കൊടുമണ്‍ പോറ്റിയുടെയും തേവന്‍ എന്ന പാണന്റെയും കഥയാണ് സിനിമ പറഞ്ഞത്. ചിത്രത്തില്‍ നായകനായ മമ്മൂട്ടി കൊടുമണ്‍ പോറ്റി ആയിട്ടാണ് എത്തിയത്. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി നിരവധി പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ ലെറ്റര്‍ബോക്സ് ഡിയുടെ 2024ലെ മികച്ച 10 ഹൊറര്‍ സിനിമകളില്‍ രണ്ടാമതായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് ഭ്രമയുഗം. ലോകത്തിലെ പ്രശസ്ത മൂവി റേറ്റിങ് പ്ലാറ്റ്ഫോമാണ് ലെറ്റര്‍ബോക്സ് ഡി. പ്ലാറ്റ്ഫോമില്‍ ശരാശരി റേറ്റിങ് അനുസരിച്ചാണ് ഓരോ മാസവും ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്.

2024ല്‍ റിലീസ് ചെയ്യപ്പെട്ട ഹൊറര്‍ സിനിമകളില്‍ നിന്നാണ് ഭ്രമയുഗം രണ്ടാം സ്ഥാനത്ത് എത്തിയത്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരായിരുന്നു ഒന്നിച്ചത്.

അതേസമയം കോറലി ഫാര്‍ഗേറ്റ് സഹനിര്‍മാണവും രചനയും സംവിധാനവും നിര്‍വഹിച്ച ദ സബ്സ്റ്റന്‍സാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഡെമി മൂര്‍, മാര്‍ഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് ഇതില്‍ പ്രധാനവേഷത്തില്‍ എത്തിയത്. കിയോഷി കുറോസാവ സംവിധാനം ചെയ്ത ചൈമാണ് മൂന്നാമതായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ലെറ്റര്‍ബോക്സ് ഡിയുടെ 2024ലെ മികച്ച 25 ഹൊറര്‍ സിനിമകളില്‍ 23മതായി മറ്റൊരു ഇന്ത്യന്‍ ചിത്രം കൂടെയുണ്ട്. നിരേണ്‍ ഭട്ടിന്റെ രചനയില്‍ അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 ആണ് ഈ സിനിമ.

ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കോമഡി ഹൊറര്‍ ചിത്രമായ സ്ത്രീയുടെ രണ്ടാം ഭാഗമായി ഓഗസ്റ്റ് 14നായിരുന്നു സ്ത്രീ 2 റിലീസ് ചെയ്തത്.

Content Highlight: Bramayugam Is Second In The List Of Top 10 Horror Movies Of 2024 In Letterboxd

Latest Stories

We use cookies to give you the best possible experience. Learn more