| Sunday, 18th February 2024, 9:45 am

മലയാളത്തിന്റെ ബാര്‍ബന്‍ഹൈമറായി 'പ്രേമയുഗം'...... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭ്രമയുഗവും പ്രേമലുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ന്റെ തുടക്കത്തില്‍ തന്നെ മലയാളം ബോക്‌സ് ഓഫീസ് മികച്ച സിനിമകളാല്‍ സമ്പന്നമായിരിക്കുകയാണ്. വിവിധ ഴോണറുകളിലുള്ള സിനിമകളാണ് 2024ല്‍ ഹിറ്റ് സ്റ്റാറ്റസ് നേടിയിരിക്കുന്നത്. ഫെബ്രുവരി മാസം പകുതി പിന്നിടുമ്പോള്‍ തിയേറ്ററുകളില്‍ എല്ലാ സിനിമകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മമ്മൂട്ടി ചിത്രം ഭ്രമയുഗവും, നസ്‌ലെന്‍, മമിത ബൈജു എന്നിവരുടെ പ്രേമലുവുമാണ്. കഴിഞ്ഞ വര്‍ഷം ഹോളിവുഡിലെ ഏറ്റവും വലിയ വിജയമായ ബാര്‍ബി, ഓപ്പന്‍ഹൈമര്‍ എന്നീ സിനിമകളുമായാണ് താരതമ്യം. ബാര്‍ബന്‍ഹൈമര്‍ എന്ന പ്രയോഗം കടമെടുത്തുകൊണ്ട് ‘പ്രേമയുഗം’ എന്ന് പേരിട്ടുകൊണ്ടാണ് സിനിമാപ്രേമികള്‍ രണ്ട് സിനിമകളുടെയും വിജയം ആഘോഷിക്കുന്നത്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു, ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ നിന്ന് പുറത്തിറങ്ങിയ മികച്ച റോം കോം എന്റര്‍ടൈനറാണ്. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ കണ്ട് ആസ്വദിച്ച സിനിമയാണ് പ്രേമലു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്യാം മോഹന്‍, സംഗീത്, അല്‍താഫ് സലിം, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മാത്യു തോമസ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഭൂതകാലത്തിന് ശേഷം രഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ സിനിമകള്‍ ചെയ്യുന്ന മമ്മൂട്ടി, രാഹുല്‍ സദാശിവനുമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍, അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഒരുപാട് കാലത്തിന് ശേഷം മലയാളത്തില്‍ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ റിലീസായ സിനിമ എന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. 17ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. മമ്മൂട്ടി, അര്‍ജുന്‍ അശേകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മൂവരുടെയും മികച്ച പ്രകടനം സിനിമയില്‍ കാണാന്‍ സാധിച്ചു. ആദ്യദിനം മുതല്‍ തന്നെ ഭ്രമയുഗത്തിന് ഗംഭീരപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസ് ചെയ്ത് മൂന്നാം ദിവസവും 140ലധികം എക്‌സ്ട്രാ ഷോസാണ് ഭ്രമയുഗത്തിന് വേണ്ടി നടത്തിയത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ വരുമെന്നാണ് അനുമാനം. അതേസമയം രണ്ടാം വാരത്തിലേക്ക് കടന്ന പ്രേമലു, കേരളത്തില്‍ നിന്ന് മാത്രം 15 കോടിക്കടുത്ത് കളക്ട് ചെയ്തു കഴിഞ്ഞു. എക്‌സിലെ പാനി പൂരി മീഡിയ പുറത്തുവിട്ട കണക്കുപ്രകാരം ബുക്ക്‌മൈഷോയില്‍ നിന്ന് 24 മണിക്കൂറില്‍ ഇരു സിനിമകള്‍ക്കും ഒരു ലക്ഷത്തിന് മുകളില്‍ ടിക്കറ്റ് വിറ്റു പോയിട്ടുണ്ട്. 1,25,000 ടിക്കറ്റുകള്‍ ഭ്രമയുഗത്തിനും 1,23,000 ടിക്കറ്റുകള്‍ പ്രേമലുവിനും വിറ്റുപോയി.

Content Highlight: Bramayugam and Premalu becomes social media sensation

Latest Stories

We use cookies to give you the best possible experience. Learn more