എന്റെ 400 റൺസിന്റെ റെക്കോഡ് തകർക്കുക ആ രണ്ട് ഇന്ത്യൻ താരങ്ങളായിരിക്കും: ലാറ
Cricket
എന്റെ 400 റൺസിന്റെ റെക്കോഡ് തകർക്കുക ആ രണ്ട് ഇന്ത്യൻ താരങ്ങളായിരിക്കും: ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 3:41 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന റെക്കോഡാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രെയാന്‍ ലാറയുട 400 റണ്‍സ്.

ഇപ്പോഴിതാ ഈ 400 റണ്‍സിന്റെ റെക്കോഡ് വരും വര്‍ഷങ്ങളില്‍ ഏതെല്ലാം താരങ്ങള്‍ മറികടക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ലാറ. ഇന്ത്യന്‍ താരങ്ങളായ യശസ്വി ജെയ്സ്വാളും ശുഭ്മന്‍ ഗില്ലുമായിരിക്കും 400 റണ്‍സിന്റെ റെക്കോഡ് മറികടക്കുക എന്നാണ് ലാറ പറഞ്ഞത്.

‘ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സാക്ക് ക്രോളി, ഹാരി ബ്രുക് എന്നിവര്‍ മികച്ച ആക്രമാത്മകമായ ബാറ്റിങ് നടത്തുന്നവരാണ്. അതുപോലെതന്നെ ഇന്ത്യന്‍ ടീമില്‍ യശസ്വി ജെയ്സ്വാളും ശുഭ്മന്‍ ഗില്ലും ഉണ്ട്. ഇവര്‍ക്കെല്ലാം കളിക്കളത്തില്‍ കൃത്യമായ സാഹചര്യം ലഭിച്ചാല്‍ അവര്‍ക്ക് ഈ റെക്കോഡുകള്‍ എല്ലാം തകര്‍ക്കാന്‍ കഴിയും. ഇപ്പോഴുള്ള താരങ്ങളില്‍ കാണുന്ന ആക്രമണോത്മക ബാറ്റിങ് സമീപനങ്ങള്‍ ഇതിനു വളരെ അനുകൂലമായി മാറും എന്ന് എനിക്ക് തോന്നുന്നു,’ ലാറ ഡെയ്ലി മെയ്‌ലിനോട് പറഞ്ഞു.

2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സ് നേടിയത്. നീണ്ട 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു താരത്തിനും ഈ നേട്ടം മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

മറ്റൊരു നേട്ടവും ലാറയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് ലാറ. 1994ല്‍ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 501 റണ്‍സാണ് ലാറ അടിച്ചെടുത്തത്.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു അവസാനമായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. 2019ല്‍ അഡലെയ്ഡ് ഓവലില്‍ പാകിസ്ഥാനെതിരെ 335 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്. എന്നാല്‍ ആ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടീം പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

 

Content Highlight: Brain Lara Talks Who can break his 400 Runs