വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഉണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച താരങ്ങളായി മാറുന്ന മൂന്നു താരങ്ങള്‍ ആരായിരിക്കുമെന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വെളിപ്പെടുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടത്തിയ ചര്‍ച്ചയിലൂടെ പ്രതികരിക്കുകയായിരുന്നു ലാറ.
‘വിരാട് ഒരു ഓപ്പണര്‍ എന്ന നിലയില്‍ പലപ്പോഴും 130 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റിങ് തുടങ്ങുക എന്നാല്‍ അവസാന സമയമാവുന്നതോടെ 160 അല്ലെങ്കില്‍ അതിനു മുകളില്‍ പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യാന്‍ കോഹ്‌ലിക്ക് സാധിക്കും. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തില്‍ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റുകള്‍ പരിഗണിക്കാതെ വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച മൂന്ന് താരങ്ങളായി മാറുക രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ആയിരിക്കും,’ ലാറ പറഞ്ഞു.
രോഹിത്തും കോഹ്‌ലിയും ഇന്ത്യന്‍ ടീമില്‍ ഓപ്പണ്‍ ചെയ്താല്‍ എങ്ങനെ ഉണ്ടാകും എന്നതിനെ കുറിച്ചും ലാറ പറഞ്ഞു.
‘ലോകകപ്പില്‍ രോഹിത്തും വിരാടും ഓപ്പണ്‍ ചെയ്താല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാവുക എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഓപ്പണിങ് സ്ഥാനത്തേക്ക് ഒരു യുവതാരം കടന്നു വന്നാല്‍ അത് വലിയ മാറ്റങ്ങള്‍ ടീമില്‍ ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുതിര്‍ന്ന ഒരു സീനിയര്‍ താരം മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ ടീമില്‍ വലിയ മാറ്റമുണ്ടാക്കും. കാരണം ആ താരങ്ങളുടെ അനുഭവസമ്പത്ത് അവരെ മികച്ച ഒരു ടീം ആക്കി മാറ്റാന്‍ സാധിക്കും,’ ലാറ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി നടത്തുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 316 റണ്‍സാണ് വിരാടിന്റെ അക്കൗണ്ടില്‍ ഉള്ളത്. 105.33 ആവറേജിലും 146.29 സ്‌ട്രൈക്ക് റേറ്റിലുമാണ് കോഹ്‌ലി ബാറ്റ് വീശിയത്.
വിരാടിന്റെ മിന്നും ഫോം വരും മത്സരങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ട് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കോഹ്‌ലി ഇടം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Brain Lara talks about Virat Kohli performance