സിംബാബ്‌വേക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരം വിജയിച്ച് ഇന്ത്യ. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 4-1ന് വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ 13 റണ്‍സ് നേടിയാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. റിച്ചാര്‍ഡ് ഗരാവ എറിഞ്ഞ പന്തില്‍ ഗില്‍ റാസയുടെ കയ്യിലെത്തുകയായിരുന്നു. സിംബാബ്‌വേക്കെതിരെ നിര്‍ണായക മത്സരങ്ങളില്‍ ഗില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സീരീസില്‍ 170 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 ഇന്റര്‍നാഷണലില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ഗില്ലിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ യുവ നായകനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസ താരം ബ്രയാന്‍ ലാറ. യുവ തലമുറയില്‍ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള ബാറ്ററാണ് ഗില്ലെന്നും ഒരുപാട് റെക്കോഡുകള്‍ താരത്തിന് നേടാന്‍ സാധിക്കുമെന്നും ലാറ പറഞ്ഞു.
‘ശുഭ്മന്‍ ഗില്‍ പുതിയ തലമുറയിലെ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള ബാറ്ററാണ്. വരും വര്‍ഷങ്ങളില്‍ അവന്‍ ക്രിക്കറ്റ് ലോകം ഭരിക്കുമെന്നത് ഉറപ്പാണ്. അവന്‍ ഒരുപാട് റെക്കോഡുകള്‍ സ്വന്തമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ബ്രയാന്‍ ലാറ.
Content Highlight: Brain Lara Talking About Shubhman Gill