അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങണം: ബ്രയാന്‍ ലാറ
Sports News
അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങണം: ബ്രയാന്‍ ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 10:00 am

ജൂണ്‍ 12ന് നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി സൂപ്പര്‍ 8ലേക്ക് എത്തിയിരിക്കുകയാണ്. ആതിഥേയരായ അമേരിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.

സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കക്ക് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെ സ്റ്റാര്‍ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കര്‍ നല്‍കിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയെ ഗോള്‍ഡന്‍ ഡെക്കായി പറഞ്ഞയച്ചാണ് താരം തുടക്കം കുറിച്ചത്. തുടര്‍ന്ന് മൂന്നാമത്തെ ഓവറില്‍ മൂന്നു റണ്‍സിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിക്കൊണ്ട് വമ്പന്‍ സമ്മര്‍ദം ആണ് മുന്‍ ഇന്ത്യന്‍ കളിക്കാരന്‍ നേത്രാവല്‍ക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്.

എന്നിരുന്നാലും വിരാടും രോഹിത്തും തന്നെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങണമെന്നാണ് ക്രിക്കറ്റ ഇതിഹാസം ബ്രയാന്‍ ലാറ പറയുന്നത്. ഇരുവരും മികച്ച ബാറ്റര്‍മാരാണെന്നും മുന്‍ വിന്‍ഡീസ് ബാറ്റര്‍ പറഞ്ഞു അടുത്ത മത്സരത്തില്‍ അവര്‍ സ്‌കോര്‍ നേടുമെന്നും ലാറ പറഞ്ഞു.

‘യു.എസ്.എയില്‍ ബാറ്റിങ് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു, ഇന്ത്യ അവരുടെ നിലവിലെ കളിക്കാരുടെ കൂട്ടുകെട്ടിനെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ചില ഘട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നിയാലും, മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് ടീം വിജയിക്കുമ്പോള്‍. ഇന്ത്യയ്ക്ക് ഇടത്-വലത് ബാറ്റിങ് കോമ്പിനേഷന്‍ ഉപയോഗിച്ച് ഓപ്പണ്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഇനി കോഹ്‌ലിയെ ഓര്‍ഡറിലേക്ക് മാറ്റുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുമെന്നതിനാല്‍ അവര്‍ അതേ ഓപ്പണര്‍മാരെ നിലനിര്‍ത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’സ്റ്റാര്‍ സ്പോര്‍ട്സില്‍ ലാറ പറഞ്ഞു.

ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 15ന് കാനഡയോടാണ്. സെന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

 

Content Highlight: Brain Lara Talking About Indian Team Opening