|

മികച്ച സ്വിങ്ങും പേസുമുള്ള അവനെ ടെസ്റ്റില്‍ എടുക്കണം; ഇന്ത്യന്‍ പേസറെക്കുറിച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയാണ്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയതോടെ പ്രോട്ടിയാസ് വിറയ്ക്കുകയായിരുന്നു. മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടിയിരുന്നു. പിന്നീട് വെറും നാല് റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് സിങ് മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ശേഷം 16 റണ്‍സ് വിജയിക്കാനെന്നിരിക്കെ പാണ്ഡ്യയുടെ അവസാന ഓവറില്‍ ഇന്ത്യ വിജയിക്കുകയായുരുന്നു.

മത്സരത്തില്‍ നാല് ഓവറില്‍ വെറും 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. സിങ്ങിന്റ മികച്ച സ്വിങ്ങും പേസും ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണെന്നാണ് താരം പറഞ്ഞത്.

‘മികച്ച സ്വിങ്ങും പേസും ഉള്ളതിനാല്‍ അര്‍ഷ്ദീപ് നാല് ദിവസത്തെ ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുടെ സ്ഥിരം ബൗളറാകാനുള്ള കഴിവും സാധ്യതയും അവനുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്‍ ടെസ്റ്റ് ക്രിക്കറ്റിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വസീം അക്രം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

2024 ടി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായി മാറാനും അര്‍ഷ്ദീപിന് സാധിച്ചിരുന്നു. 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഫൈനലില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയാണ് അര്‍ഷ്ദീപ് ഈ നേട്ടം കൈവരിച്ചത്.

Content highlight: Brain Lara Talking About Arshdeep Singh