| Tuesday, 14th May 2024, 9:43 am

വിന്‍ഡീസ് ഒരുമിച്ച് നിന്നാല്‍ ഇന്ത്യയെ പരാജയപ്പെടുത്താം! ടി-20 ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ, പക്ഷെ നരെയ്‌ന്റെ കാര്യത്തില്‍ തെറ്റി!

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ ഒന്ന് മുതല്‍ യു.എസ്.എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന 2024 ടി-20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യയും തന്റെ രാജ്യമായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഇത്തവണത്തെ ഫൈനല്‍ പോരാട്ടമെന്നാണ് ലാറയുടെ പ്രവചനം.

‘വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പില്‍ നന്നായി പെര്‍ഫോം ചെയ്യണം. ഒരുപാട് താരങ്ങള്‍ അവര്‍ക്കുണ്ട്. അവരെല്ലാം ഒരുമിച്ച് നിന്നാല്‍ നല്ല പ്രകടനം പുറത്തെടുക്കാം. സെലക്ഷനുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളുണ്ടായെങ്കിലും ഇന്ത്യ ലോകകപ്പിലെ ടോപ്പ് ഫോറുകളിലൊന്നായിരിക്കും. ഇന്ത്യ-വിന്‍ഡീസ് ഫൈനല്‍ സംഭവിക്കുകയാണെങ്കില്‍ അതു മുന്‍കാലത്തെ തെറ്റുകള്‍ പരിഹരിക്കാന്‍ സഹായിക്കും,’ ലാറ പറഞ്ഞു.

‘2007ല്‍ ഇന്ത്യ ഞങ്ങളെ ബീറ്റ് ചെയ്തു, അത് ഞങ്ങളെ വധിക്കുന്നതിനു തുല്യമായിരുന്നു. വീണ്ടും അതു സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണ ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ വരണം. മികച്ച ടീം ആരാണോ അവര്‍ വിജയിക്കുകയും ചെയ്യട്ടെ,’ ലാറ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐ.പി.എല്ലില്‍ വിന്‍ഡീസ് താരങ്ങള്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്‌നും ആന്ദ്രെ റസലും വമ്പന്‍ ഫോമാണ് പുറത്തെടുക്കുന്നത്. നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ഷായി ഹോപ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ നിരവധ താരങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നുണ്ട്.

എന്നാല്‍ വിന്‍ഡീസിന് മറ്റൊരു തിരിച്ചടി സംഭവിച്ചിരിക്കുന്നത് നരെയ്‌ന്റെ കാര്യത്തിലാണ്. താരം ടി-20യില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല വിന്‍ഡീസ് ക്രിക്കറ്റ് ബോഡുമായി താരം അത്ര രസത്തിലല്ല. ഐ.പി.എല്ലില്‍ ഐതിഹാസികമായ ഫോമാണ് താരം പുറത്തെടുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടി-20 ലോകകപ്പില്‍ നരെയ്‌ന്റെ സാന്നിധ്യം വിന്‍ഡീസിന് കരുത്ത് കൂട്ടുമായിരുന്നു. പക്ഷെ സ്‌ക്വാഡില്‍ നരെയ്ന്‍ ഇല്ല എന്നത് മറ്റൊരു കാര്യമാണ്.

Content Highlight: Brain Lara Talking About 2024 T-20 Finalists

We use cookies to give you the best possible experience. Learn more