മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കാള്‍ ഹൂപ്പറിന്റെ ക്രിക്കറ്റിലെ അസാധാരണമായ പ്രതിഭയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇതിഹാസതാരം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഹൂപ്പര്‍ വളരെയധികം മുന്നില്‍ നില്‍ക്കുമെന്നാണ് ലാറ പറഞ്ഞത്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു കാള്‍. ഞാനും സച്ചിനും പോലും ആ പ്രതിഭയുടെ അടുത്തെത്തില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും കാളിന്റെ കരിയര്‍ വ്യത്യസ്തമാണ്. ഈ രണ്ടു മേഖലകളിലും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ പ്രകടങ്ങളിൽ മാറ്റങ്ങളുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കാള്‍ ശരാശരി പ്രകടനമായിരുന്നു നടത്തിയത്. ഈ നിലയില്‍ മാത്രമാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ കഴിവുകള്‍ നിറവേറ്റാതെ പോയത്,’ ബ്രയാന്‍ ലാറയെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
1990 കാലഘട്ടങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ താരമായിരുന്നു കാള്‍. തന്റെ സ്‌റ്റൈലിഷ് ബാറ്റിങ് കൊണ്ടും മികച്ച ഓഫ് ബൗളിങ് കൊണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഹൂപ്പറിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്രയധികം കഴിവുകള്‍ ഉണ്ടായിട്ടും ക്രിക്കറ്റ് ലോകത്തില്‍ മറ്റു താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഹൂപ്പറിന് ലഭിച്ച ശ്രെദ്ധ വളരെ കുറവായിരുന്നു.
102 ടെസ്റ്റ് മത്സരങ്ങളില്‍ 173 ഇനിങ്‌സുകളില്‍ നിന്നും 10 സെഞ്ച്വറികളും 27 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 5762 റണ്‍സായിരുന്നു കാള്‍ നേടിയത്. ഏകദിനത്തിലേക്ക് വരുകയാണെങ്കില്‍ 206 ഇനിങ്‌സുകളില്‍ നിന്നും ഏഴ് സെഞ്ച്വറികളും 29 അര്‍ധസെഞ്ച്വറികളും നേടിക്കൊണ്ട് 5761 റണ്‍സാണ് ഹൂപ്പര്‍ അടിച്ചെടുത്തത്.
Content Highlight: Braian Lara Praises Kal Hooper