| Saturday, 25th September 2021, 4:04 pm

ബ്രഹ്മോസില്‍ കയറിയ 'അജ്ഞാതനെ' കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിരോധ വകുപ്പിനു കീഴിലുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ചാക്കയിലെ ബ്രഹ്മോസ് എയറോസ്‌പെയ്‌സ് സെന്ററില്‍ കയറിയ ‘അജ്ഞാതനെ’ കണ്ടെത്തി. ബ്രഹ്മോസിലെ തന്നെ അപ്രന്റീസ് ട്രെയിനിയാണ് അകത്ത് കയറിയത്.

ഇദ്ദേഹം പ്രശ്‌നക്കാരനല്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വന്നതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ക്ക് അകത്തേക്ക് കയറാനുള്ള അനുവാദമുണ്ട്.

ഇതോടെ ബ്രഹ്മോസില്‍ അജ്ഞാതന്‍ കടന്നുവെന്ന ദുരൂഹതയ്ക്ക് വിരാമമായി. നേരത്തെ സുരക്ഷാ പ്രധാന മേഖലയില്‍ അജ്ഞാതന്‍ കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പേട്ട പൊലീസ് കേസെടുത്തിരുന്നു.

ബ്രഹ്മോസ് ഉദ്യോഗസ്ഥരുടെയും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരുടെയും യോഗം വ്യാഴാഴ്ച നടക്കുന്നതിനിടെ യോഗം നടന്ന കെട്ടിടത്തിനു പുറത്ത് അപരിചിതനായ ആള്‍ ബാഗുമായി നില്‍ക്കുന്നതായി കണ്ടതായാണ് ബ്രഹ്മോസ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ച രാത്രി തന്നെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപരിചതനെ കണ്ടെന്ന പരാതിയില്‍ ബ്രഹ്മോസ് അധികൃതര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ഇതോടെ പരിശോധന തുടരാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. ബ്രഹ്മോസിലെത്തി ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ബ്രഹ്മോസിലെ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Brahmose anonymous person trivandrum Chaka

We use cookies to give you the best possible experience. Learn more