| Monday, 12th November 2012, 10:00 am

തിരുവനന്തപുരം ബ്രഹ്മോസില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ല: ശിവതാണുപിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. എ. ശിവതാണുപിള്ള.

ബ്രഹ്മോസില്‍ ഡി.ആര്‍.ഡി.ഒയ്ക്ക് 50.5 ശതമാനം ഓഹരിയും റഷ്യന്‍ കമ്പനിക്ക് 49.5 ശതമാനം ഓഹരിയുമാണ് ഉള്ളത്. ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് ലിമിറ്റഡ് എന്ന ഡല്‍ഹി കമ്പനിയുടെ ഉപകമ്പനിയാണ് തിരുവനന്തപുരം ബ്രഹ്‌മോസ്.[]

കേന്ദ്രസര്‍ക്കാരിന് ബ്രഹ്‌മോസില്‍ ഒരുപങ്കുമില്ല. തിരുവനന്തപുരം ബ്രഹ്‌മോസ് സ്വകാര്യ സ്ഥാപനമാണ്. ഇത് പുതിയൊരു സംവിധാനമാണ്. കമ്പനി പൊതുമേഖലയാണോ സ്വകാര്യമേഖലയാണോ എന്ന വാദപ്രതിവാദങ്ങളില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ ഡോ. ശിവതാണുപിള്ള വിവാദങ്ങളിലൂടെ സമയം പാഴാക്കരുതെന്ന് അഭിപ്രായപ്പെട്ടു.

വ്യോമസേനയുടെ കൈവശമുള്ള ഭൂമി വിട്ടുകിട്ടാത്തതിനാലാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാന്‍ കഴിയാത്തത്. 20 കൊല്ലം പഴക്കുമുള്ള യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടിവന്നതിനാലാണ് കഴിഞ്ഞവര്‍ഷം മൂന്നരക്കോടിരൂപയുടെ നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമസേനയില്‍ നിന്ന് ഏഴ് ഏക്കര്‍ സ്ഥലം കൂടി ഇപ്പോള്‍ വിട്ടുകിട്ടിയിട്ടുണ്ട്. അവിടെയാണ് മിസൈല്‍ സംയോജന യൂണിറ്റ്. ആവശ്യപ്പെട്ടതിന്റെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയെ ഇപ്പോള്‍ കിട്ടിയിട്ടുള്ളൂ.

ശബ്ദാതിവേഗ മിസൈലായ ബ്രഹ്‌മോസിന്റെ ശരീരഭാഗം മുഴുവന്‍ ഇവിടെ നിര്‍മിച്ച് സംയോജിപ്പിക്കും. ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഹൈദരാബാദ് ഡി.ആര്‍.ഡി.ഒയിലാണ് കൂട്ടിച്ചേര്‍ക്കുക. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിക്കുന്നത് നാഗ്പൂരാണ്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അവിടെ മാത്രമെ അനുമതിയുള്ളൂ. നാഗ്പുരില്‍ നിന്നാണ് മിസൈല്‍ സൈന്യത്തിന് കൈമാറുന്നത്.

200 കോടിരൂപയുടെ ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more